
കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അതിക്രമത്തില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയെ സ്വന്തം വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയും രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലെ ഇളയ കുട്ടിയാണ് ആത്മഹത്യ ചെയ്തത്.
മരണത്തിന് പിന്നാലെ നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്ന സംശയങ്ങളും സമീപവാസികളായ രണ്ടുപേര്‍ നല്‍കിയ നിര്‍ണായക മൊഴിയുമാണ് കേസില്‍ വഴിത്തിരിവായത്. പ്രതി ആയ ധർമരാജൻ (67) കുട്ടിയെ പല ദിവസങ്ങളിലും പലയിടങ്ങളിലേക്കായി കൊണ്ടുപോകുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്ന് ഇവര്‍ കുട്ടിയുടെ അമ്മയോട് വെളിപ്പെടുത്തി. കുട്ടി ജീവനൊടുക്കിയ ദിവസവും പ്രതി ഇത്തരത്തില്‍ കൊണ്ടുപോയതായി ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന് അമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാങ്ങോട് പോലീസ് 67-കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവരികയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ പലതവണ കുട്ടിയെ ക്രൂരമായി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞു. നിലവില്‍ പോക്‌സോ (POCSO) വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും, മറ്റ് വകുപ്പുകളോ കുറ്റങ്ങളോ ഇയാള്‍ക്കെതിരെ ചുമത്താനുണ്ടോ എന്ന കാര്യം വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.


