കൊല്ലം  സന്തോഷ് ട്രോഫിയുടേയും  റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ്  ഏതാണ്ടൊരേ കാലത്തായിരുന്നു
Kerala, Sports

കൊല്ലം സന്തോഷ് ട്രോഫിയുടേയും റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ് ഏതാണ്ടൊരേ കാലത്തായിരുന്നു

ആദ്യത്തേത് ലാൽബഹാദൂർ സ്റ്റേഡിയം മൈതാനത്തെങ്കിൽ രണ്ടാമത്തേത് സുഹൃത്തായ കിഷോറിന്റെ അംബാസഡർ കാറിലാണെന്ന വ്യത്യാസം മാത്രം.

അന്നും അറ്റാക്കിംഗിലാണ് റോയിയുടെ കളി; എഴുത്തിൽ മാത്രമല്ല, സംഭാഷണത്തിലും. പന്ത് കിട്ടിയാൽ കാലിൽ വെച്ച് താമസിപ്പിക്കുന്ന ശീലമില്ല. നേരെ വെച്ചലക്കും പോസ്റ്റിലേക്ക്. ഗോളെങ്കിൽ ഗോൾ. ഔട്ടെങ്കിൽ ഔട്ട്. ഗോളായാലും ഇല്ലെങ്കിലും കൂസലില്ല അടിച്ചയാൾക്ക്. പോനാൽ പോകട്ടും പോടാ എന്ന ഭാവം.

കലാകൗമുദിയിൽ പത്രപ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ റോയ്. നാല് വർഷം മുൻപ് കേരളകൗമുദിയിൽ ചേർന്ന ഞാനാകട്ടെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിംഗിന്റെ ലഹരിയിലും. സന്തോഷ് ട്രോഫി കേരളകൗമുദിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്നത് യുവതുർക്കികളായ കെ ഡി ദയാലും ഞാനും.

ആലുവാപ്പുഴക്കപ്പുറത്തേക്ക് കളിയെഴുത്തുമായി കടന്നുചെന്നിരുന്നില്ല അതു വരെ. അതുകൊണ്ടു തന്നെ അങ്കലാപ്പും ആകാംക്ഷയും വേണ്ടുവോളമുണ്ട് ഉള്ളിൽ. കൊല്ലത്ത് എന്താണ് നമ്മളെ കാത്തിരിക്കുന്നതെന്നറിയില്ലല്ലോ. പൊതുവെ റഫ് ആൻഡ് ടഫ് ആണ് കൊല്ലംകാർ എന്നാണ് കേൾവി. എന്താവുമോ എന്തോ.

എന്നാൽ തുടക്കക്കാരനായ റിപ്പോർട്ടറെ കൊല്ലം വരവേറ്റത് ഇരുകൈകളും നീട്ടിയാണ്; വിടർന്ന പുഞ്ചിരിയോടെ. പല മേഖലകളിൽ പെട്ടവർ ഉണ്ടായിരുന്നു ആ “ജെൻസീ” കൂട്ടായ്മയിൽ. കച്ചവടക്കാർ, അധ്യാപകർ, പന്തുകളിക്കാർ, മാധ്യമപ്രവർത്തകർ, ഒരു തൊഴിലുമില്ലാത്തവർ… അങ്ങനെ പലരും. ഉണ്ണിയേട്ടൻ (രാജ്‌കുമാർ), ഗോപാലകൃഷ്ണൻ, ഷാജിച്ചേട്ടൻ, രാജീവ്, പി കിഷോർ, ശ്രീഹർഷൻ… അവർക്കൊപ്പം പതിവു സന്ദർശകനായി റോയിയും. ആരെയും മറക്കാനാവില്ല. രാവും പകലും ഉന്മാദഭരിതമാക്കിക്കൊണ്ട് മലബാറുകാരന്റെ എല്ലാ ആശങ്കകളും കാറ്റിൽ പറത്തിയത് അവരാണല്ലോ… ആ സുഹൃദ്‌സംഘത്തിലെ പലരും പല മേഖലകളിൽ തിളങ്ങുന്നു ഇപ്പോൾ.

മുപ്പത്തെട്ട് വർഷം മുൻപത്തെ റോയിയും ഇന്നത്തെ റോയിയും എനിക്ക് ഒരുപോലെ. പ്രവചനാതീതമായ ആംഗിളുകളിൽ നിന്ന് ഗോളടിക്കാൻ അന്നുമിന്നും റോയ് മിടുക്കൻ. പത്രപ്രവർത്തനവും ദൃശ്യമാധ്യമ പ്രവർത്തനവും രാഷ്ട്രീയ നിരീക്ഷക പദവിയുമെല്ലാം കടന്ന് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയുടെ റോളിൽ എത്തിനിൽക്കുന്ന റോയ് അവിടേയും തിളങ്ങുമെന്നുറപ്പ്. എല്ലാ ആശംസകളും. റോയിക്ക് മാത്രമല്ല, റോയിയുടെ പ്രിയപത്നി സിസി മാമിനും…..

–രവിമേനോൻ

25/06/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav