കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
Kerala

കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎഫ്‌സിയുടെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’യുടെ മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ മാറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സംരംഭങ്ങൾക്ക് കെഎഫ്‌സി പ്രചോദനമാകണം. ഈ ആശയം മുൻനിർത്തിയാണ് ബജറ്റിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകർക്ക് നൽകുന്ന വായ്പാ പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയത്. പദ്ധതിയിലെ മുഖ്യ പ്രമോട്ടർമാരുടെ പ്രായപരിധി 50 വയസ്സിൽ നിന്ന് 60 വയസ്സായും വർധിപ്പിച്ചു. വലിയ സംരംഭങ്ങൾക്കുള്ള വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പതിനായിരം ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ആശയങ്ങളുമായി എത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎഫ്‌സി ആറ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. യുവ സംരംഭകർക്ക് സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനായി മുതിർന്ന പൗരന്മാരെയും വിരമിച്ച വിദഗ്ധരെയും ഉൾപ്പെടുത്തി മെന്ററിങ് സംവിധാനം സർക്കാർ ഒരുക്കും. മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് യുവാക്കളുടെ സംരംഭങ്ങൾക്കായി പ്രയോജനപ്പെടുത്തി രണ്ട് തലമുറകളെ ക്രിയാത്മകമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ ആശയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായ്പ അനുവദിച്ചതിന് ശേഷം സംരംഭകർക്ക് ആവശ്യമായ പിന്തുണയും മേൽനോട്ടവും നൽകുന്നതിൽ കെഎഫ്‌സി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംരംഭങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ റിക്കവറി നോട്ടീസ് അയക്കുന്നതിന് പകരം, അവരെ ശരിയായ ദിശയിലേക്ക് നയിക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നൂറ് കോടി രൂപയിലധികം ലാഭം നേടിയ കെഎഫ്‌സിയുടെ നിലവിലെ ആസ്തി പതിനായിരം കോടി രൂപയാണെന്നും ഇത് ഭാവിയിൽ അമ്പതിനായിരം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിവരികയാണെന്നും കൂടുതൽ നിക്ഷേപകർ കേരളത്തിലേക്ക് എത്തുന്നത് കെഎഫ്‌സിയുടെ ഉത്തരവാദിത്തം കൂടുതൽ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരമുള്ള ആദ്യ വായ്പകളുടെ വിതരണവും സംരംഭകർക്കുള്ള കാർഡ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

കെഎഫ്‌സി യുടെ പുതിയ വായ്പാ പദ്ധതിയിലൂടെ സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചെറുകിട, ഇടത്തരം സംരംഭകർക്ക് വലിയ പിന്തുണ ഉറപ്പാക്കാനും കഴിയുമെന്ന് മന്ത്രി കെ മുരളീധരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വിവിധ വികസന പദ്ധതികളിൽ നിർണായക പിന്തുണ നൽകുന്ന സ്ഥാപനമാണ് കെഎഫ്‌സിയെന്ന് മന്ത്രി സി പി ജോൺ അഭിപ്രായപ്പെട്ടു. പരിപാടിയിൽ വീശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ പദ്ധതിയിലൂടെ സംരംഭകർക്ക് പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കുമെന്നത് വലിയ നേട്ടമാണെന്നും കൂടാതെ, ആദ്യ ഒരു വർഷം വായ്പയ്ക്ക് തിരിച്ചടവ് ആവശ്യമില്ലാത്ത മൊറട്ടോറിയം അനുവദിക്കുന്നതും കേവലം 6 ശതമാനം പലിശനിരക്കിൽ വായ്പ ലഭ്യമാകുന്നതും സംരംഭകർക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു ഖേൽക്കർ, കെഎഫ്‌സി മാനേജിങ് ഡയറക്ടർ ഉമേഷ് എൻ എസ് കെ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ് തുടങ്ങിയവർ പങ്കെടുത്തു.

10/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav