
പുരുഷ കബഡി ഫൈനലിൽ ഇന്ത്യ 40–34 എന്ന സ്കോറിനാണ് ഇറാനെ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിലും ഇന്ത്യയുടെ മുന്നേറ്റം തുടർന്നു. 37–34ന് ഇറാനെ തോൽപ്പിച്ച ഇന്ത്യ വനിതാ കബഡിയിൽ തുടർച്ചയായ രണ്ടാം സ്വർണം നേടി.
ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടായി. മലയാളി താരം വിദർശ വിനോദ് രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഇനത്തിൽ വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്ഷി എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീമാണ് വെള്ളി മെഡൽ നേടിയത്.
ഷോട്ട്പുട്ടിലും ഇന്ത്യ മെഡൽ നേടി. 20.06 മീറ്റർ ദൂരം കണ്ടെത്തിയ തജിന്ദർപാൽ സിങ് രണ്ടാം സ്ഥാനത്തെത്തി വെള്ളി സ്വന്തമാക്കി. ഇന്ത്യൻ താരം കരൺവീർ സിങ്ങിന് ആറാം സ്ഥാനമാണ് ലഭിച്ചത്.
മാരത്തണിലും ഇന്ത്യയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. സാവൻ ബർവാളാണ് മെഡൽ നേടിയത്.
സ്ക്വാഷിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. പുരുഷ വിഭാഗത്തിൽ അഭയ് സിങ്ങും വനിതാ വിഭാഗത്തിൽ അനഹത് സിങ്ങും സ്വർണപ്പോരാട്ടത്തിന് യോഗ്യത നേടി. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ജപ്പാന്റെ സതോമി വതനാബയെ തോൽപ്പിച്ചാണ് 18കാരിയായ അനഹത് സിങ് ഫൈനലിലെത്തിയത്.
സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ജോഷ്ന ചിന്നപ്പ–വേലവൻ സെന്തിൽകുമാർ സഖ്യം വെങ്കല മെഡൽ നേടി.
ബാഡ്മിന്റണിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ഉന്നതി ഹൂഡയും പ്രീക്വാർട്ടർ ഘട്ടത്തിലേക്കും മുന്നേറി.





