
ന്യൂഡൽഹി: ആഗോള നയതന്ത്രരംഗത്ത് നിർണായക ചുവടുവെപ്പുകൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. വ്യാപാരം, ഊർജസുരക്ഷ, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം അന്താരാഷ്ട്ര സംഘർഷങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഏഴ് വർഷത്തിന് ശേഷമാണ് ഷീ ജിൻപിങ് ഇന്ത്യയിലെത്തുന്നത്. അതിർത്തി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ, അമേരിക്ക ഉയർത്തുന്ന തീരുവ വെല്ലുവിളി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലാദേശിനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
പുടിനും പെസെഷ്‌കിയാനും ഇന്ത്യയിൽ
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇന്ത്യയിലെത്തി. വിവിധ രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതും അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതും ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
പശ്ചിമേഷ്യൻ സംഘർഷം; സമാധാനത്തിന് ആഹ്വാനം
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ആത്മാർഥമായ ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിലൂടെയും ആശയവിനിമയങ്ങളിലൂടെയും സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
ഊർജപ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഇന്ധന, വാതക കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് സാഹചര്യമൊരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെScreenensnshsho

അതേസമയം, ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ദേശീയ കറൻസികൾ ഉപയോഗിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ബ്രിക്സ് ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ടു. അമേരിക്കയുടെ നടപടികളെയും ഉപരോധങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഡൽഹിയിൽ കനത്ത സുരക്ഷ
ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരും താൽക്കാലിക ജീവനക്കാരും ജാഗ്രത പാലിക്കണമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
വിവിഐപി സഞ്ചാരങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ പൊലീസിന് റിപ്പോർട്ട് നൽകിയതായും വിവരമുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനും റഷ്യ, ചൈന സുരക്ഷാ ഏജൻസികൾ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഭാരത് ഇന്നോവേറ്റ്സ്’ പ്രദർശനവും
ഉച്ചകോടിയുടെ ഭാഗമായി ‘ഭാരത് ഇന്നോവേറ്റ്സ്’ എന്ന പേരിൽ സാങ്കേതികവിദ്യാ പ്രദർശനവും സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന പ്രദർശനത്തിൽ 37 ഇന്ത്യൻ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും പങ്കെടുക്കും. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റങ്ങളും നൂതന ആശയങ്ങളും ആഗോള വേദിയിൽ അവതരിപ്പിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം.



