
അജ്മീർ നഗരഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്; മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം
രാജസ്ഥാനിലെ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 വർഷത്തിന് ശേഷം അജ്മീർ നഗരസഭയുടെ ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു. ആകെയുള്ള 80 വാർഡുകളിൽ 37 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രർ 11 സീറ്റുകളിലും വിജയിച്ചു. ഇതോടെ അജ്മീറിൽ കോൺഗ്രസ് നിർണായക ശക്തിയായി മാറി.
ഈ വിജയത്തിന് പിന്നിൽ സംഘടനയെ അടിത്തട്ടിൽ നിന്ന് ചലിപ്പിച്ച എഐസിസി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ധർമേന്ദ്ര സിംഗ് റാത്തോഡിന്റെ ഇടപെടലാണ് ശ്രദ്ധേയമാകുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി പ്രവർത്തനങ്ങളെ തെരുവുകളിലേക്ക് എത്തിച്ച റാത്തോഡ് ഓരോ വാർഡിലും നേരിട്ടെത്തി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. തെരുവുകൾ തോറും യോഗങ്ങൾ സംഘടിപ്പിച്ചു. വിമതരെയും അസംതൃപ്തരെയും നേരിൽ കണ്ട് അനുനയിപ്പിച്ചു. പ്രവർത്തകരെ ഒരുമിച്ച് നിർത്തി. സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം നൽകി.
പാർട്ടിയുടെ വിജയസാധ്യതയ്ക്ക് മുന്നിൽ വ്യക്തിപരമായ താൽപര്യങ്ങളും ഗ്രൂപ്പ് തർക്കങ്ങളും തടസ്സമാകാതിരിക്കാനുള്ള ഇടപെടലും റാത്തോഡ് നടത്തിയെന്നാണ് പ്രാദേശിക കോൺഗ്രസ് വൃത്തങ്ങളുടെ വിലയിരുത്തൽ.
35 വർഷത്തെ ഇടവേളയ്ക്ക് ശേഷം അജ്മീർ നഗരഭരണം കോൺഗ്രസ് തിരിച്ചുപിടിക്കുമ്പോൾ, അത് കേവലം ഒരു തെരഞ്ഞെടുപ്പ് വിജയമല്ല. സംഘടനയെ താഴെത്തട്ടിൽ നിന്ന് പുനഃസംഘടിപ്പിച്ചാൽ കോൺഗ്രസിന് തിരിച്ചുവരാനാകുമെന്നതിന്റെ രാഷ്ട്രീയ സന്ദേശം കൂടിയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവികളും തിരിച്ചടികളും നേരിടുന്ന ഈ കാലത്തും പാർട്ടിയെ ജനങ്ങളുമായി ബന്ധിപ്പിച്ച് നിർത്തുന്നത് റാത്തോഡുമാരെപ്പോലുള്ള ഗ്രൗണ്ട് ലെവൽ നേതാക്കളാണ്.
പാർട്ടിക്ക് വേണ്ടി പകലും രാത്രിയും തെരുവിലിറങ്ങി പ്രവർത്തിക്കുന്ന ഇത്തരം നേതാക്കളാണ് കെട്ടകാലത്തും കോൺഗ്രസിന്റെ കൊടി ജനഹൃദയങ്ങളിൽ താഴാതെ പിടിച്ചുനിർത്തുന്നത്.




