തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹർദാനിയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്ന വേദിയിൽ ബി.ജെ.പി. പ്രവർത്തകർ ഗംഗാജലം തളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ആഗസ്റ്റ് 14-ന് വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സി.കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തുടർന്ന് മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തും.
ഡി.സി.സി., ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, വിവിധ സെല്ലുകളുടെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും.
ബി.ജെ.പിയുടെയും അവരുടെ പോഷക സംഘടനകളും വച്ചുപുലർത്തുന്ന വിദ്വേഷപരമായ മാനസികാവസ്ഥയുടെ തെളിവാണ് ഈ സംഭവമെന്ന് നെയ്യാറ്റിൻകര സനൽ ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങളായ സമത്വം, സഹോദര്യം, സാമൂഹിക നീതി എന്നിവയ്ക്കുമേലുള്ള കടന്നുകയറ്റവും ജനാധിപത്യ ഇന്ത്യയോടുള്ള കടുത്ത വെല്ലുവിളിയുമാണിതെന്നും നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.


