അങ്കമാലി ഫിസാറ്റ്-ൽ നടന്ന കേരള സാങ്കേതിക സർവകലാശാല ഇൻഡക്ഷൻ പ്രോഗ്രാം 2026-ന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു. ബെന്നി ബെഹനാൻ എം.പി.യും സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് തുടങ്ങിയവർ സമീപം
Kerala

അങ്കമാലി ഫിസാറ്റ്-ൽ നടന്ന കേരള സാങ്കേതിക സർവകലാശാല ഇൻഡക്ഷൻ പ്രോഗ്രാം 2026-ന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു. ബെന്നി ബെഹനാൻ എം.പി.യും സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് തുടങ്ങിയവർ സമീപം

*സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന എൻജിനീയർമാരായി വിദ്യാർത്ഥികൾ മാറണം: മന്ത്രി റോജി എം. ജോൺ*

സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ കഴിവുള്ള എൻജിനീയർമാരായി വിദ്യാർത്ഥികൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച സീറോ ടു വൺ@കെടിയു. 2026 – ഇൻഡക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേവലം ഒരു ജോലി നേടുക എന്ന ലക്ഷ്യത്തിനപ്പുറം, സമൂഹത്തിനും രാജ്യത്തിനും മാറ്റം കൊണ്ടുവരാൻ കഴിയുന്ന എൻജിനീയർമാരാകുകയാണ് വിദ്യാർത്ഥികൾ ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. ഈ മാറ്റങ്ങളെ മനസ്സിലാക്കാനും സാങ്കേതികവിദ്യയെ സ്വായത്തമാക്കാനും അതിലൂടെ സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കാനും പുതിയ തലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കേണ്ടവരാണ് എൻജിനീയർമാർ. സമൂഹത്തിലെ പ്രശ്നങ്ങളിലേക്ക് തുറന്ന കണ്ണുകളോടെ നോക്കുകയും അവ മനസ്സിലാക്കുകയും അതിന് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

പുതുമയുടെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെയും ഉദാഹരണമായി അരുണാചലം മുരുഗാനന്ദം നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി പരാമർശിച്ചു. നിരവധി വെല്ലുവിളികളും തിരിച്ചടികളും പരിഹാസങ്ങളും നേരിട്ടിട്ടും തന്റെ ആശയത്തിൽ ഉറച്ചുനിന്ന അദ്ദേഹം കുറഞ്ഞ ചെലവിൽ സാനിറ്ററി പാഡ് നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് സാമൂഹിക മാറ്റത്തിന് മാതൃക സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു.

കേരളം ഇന്ന് കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, വെള്ളപ്പൊക്കം, മാലിന്യസംസ്‌കരണം തുടങ്ങി നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് സാങ്കേതികവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു.

“കേവലം ഒരു അസിസ്റ്റന്റ് എൻജിനീയറായി സർവീസിൽ പ്രവേശിക്കുക എന്നതിൽ ഒതുങ്ങാതെ, സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന മഹത്തായ എൻജിനീയർമാരായി ഓരോരുത്തരും മാറണം,” മന്ത്രി പറഞ്ഞു.

കോളേജ് ജീവിതം അക്കാദമിക പഠനത്തിനുള്ള കാലഘട്ടം മാത്രമല്ലെന്നും വിദ്യാർത്ഥികളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സ്വന്തം താൽപര്യങ്ങളും ജീവിതലക്ഷ്യങ്ങളും തിരിച്ചറിയുന്നതിനുമുള്ള പ്രധാന ഘട്ടമാണെന്നും മന്ത്രി പറഞ്ഞു.

പരാജയത്തെ ഭയന്ന് പിന്നോട്ടുപോകാതെ, പരാജയങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടുപോകാനുള്ള മനസ്സാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ക്യാമ്പസുകളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ യുവാക്കൾ സജീവമായി പങ്കാളികളാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

പുതിയതായി ക്യാമ്പസുകളിലെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കേണ്ടത് മുതിർന്ന വിദ്യാർത്ഥികളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ അനുജന്മാരെയും അനുജത്തിമാരെയും പോലെ കണ്ട്, അവർക്ക് മികച്ച ക്യാമ്പസ് അനുഭവം ഉറപ്പാക്കാൻ സീനിയർ വിദ്യാർത്ഥികൾ തയ്യാറാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“കോളേജിലെ നാല് വർഷങ്ങൾ വെറും നാല് വർഷങ്ങൾ മാത്രമല്ല. നിങ്ങളുടെ വരാനിരിക്കുന്ന നാല് പതിറ്റാണ്ടുകളുടെയും ഒരുപക്ഷേ മുഴുവൻ ജീവിതത്തിന്റെയും അടിത്തറ പാകുന്ന കാലഘട്ടമാണിത്. ഈ അടിത്തറ എത്ര ശക്തമാണോ, നിങ്ങളുടെ മുന്നോട്ടുള്ള യാത്രയും വിജയവും അത്രത്തോളം ശക്തമായിരിക്കും,” മന്ത്രി പറഞ്ഞു.

കെ ടി യു വിന് കീഴിലുള്ള കോളേജുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അക്കാഡെമിക് യാത്രയ്ക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഓൺലൈനായും പങ്കെടുത്തു.

സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സിസ തോമസ് അധ്യക്ഷത വഹിച്ചു. ചാലക്കുടി എംപി ബെന്നി ബെഹ്‌നാൻ, ഫിസാറ്റ് ചെയർമാൻ ഷിമിത്ത് പി. ആർ; ടി സി എസ് കൊച്ചി സെന്റർ ഹെഡ് അരുൺ നാരായൺ ടി; ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, സർവകലാശാല ഡീൻ
ഡോ. വിനു തോമസ്,
ജെനിബ് ജെ. കാച്ചപ്പിള്ളി,
ജയ രാധാകൃഷ്ണൻ,
ടോം തോമസ്,
അലിയാസ് കെ. തരിയൻ,
സത്യമൂർത്തി എസ്.,
ശശി പി. ആർ.,
അജിത്കുമാർ കെ. കെ.,
അബ്ദുൽ നാസർ എം. പി.,
ജോർജ് സി. ചാക്കോ,
അനൂപ് കൃഷ്ണൻ സി. ആർ.,
ജോജോ കെ. ജെ.,
ജയശ്രീ കെ.,
ഡോ. മിനി പി. ആർ.,
ഡോ. ഉണ്ണി കർത്ത ജി.,
ഡോ. ജോസ് ചെറിയാൻ,
ഡോ. അർച്ചന ആർ.,
ഡോ. ജ്യോതിഷ് കെ. ജോൺ,
ഡോ. സുമൻലാൽ എം. ആർ.,
ദീപ എൻ. കർത്ത,
ഡോ. ജേക്കബ് തോമസ് വി. എന്നിവർ പങ്കെടുത്തു.

15/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav