കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി  സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് തിരി തെളിഞ്ഞു
Kerala

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് തിരി തെളിഞ്ഞു

കേരളത്തെ ലോകത്തിന് മുന്നിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ക്രുയിസ് ടെർമിനലുകൾ, റിവർ ക്രുയിസുകൾ എന്നിവ നടപ്പിലാക്കുകയും റോഡ്, റെയിൽ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനങ്ങളുടെ പങ്കാളിത്തത്തോടെ ‘സീറോ വേസ്റ്റ്’ ക്ലീൻ കേന്ദ്രങ്ങളാക്കി മാറ്റും. ബീച്ച്, റിവർ, ഫോറസ്റ്റ് ടൂറിസങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓഷ്യനേറിയവും സജ്ജമാക്കും.

പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങൾ ഉൾപ്പെടുന്ന കേരളത്തിന്റെ സമുദ്ര പാരമ്പര്യം പ്രദർശിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും സ്ഥാപിക്കും. മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത രീതിയിലുള്ള അത്യാധുനിക ഫിലിം സിറ്റിയും സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ഓർമ്മയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള കൾച്ചറൽ പാർക്കും യാഥാർത്ഥ്യമാക്കും. തലസ്ഥാനത്തിന്റെ വികസന പദ്ധതി സർപ്രൈസായി നിലനിർത്തുകയാണെന്നും അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാതി, മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒന്നിച്ചുചേരുന്ന അപൂർവ്വ അവസരമാണ് ഓണമെന്നും ഓണത്തിന്റെ അനുഭവങ്ങൾ വരാനിരിക്കുന്ന കാലത്തേക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഈ ഓണകാലത്ത് എല്ലാവരും സന്തോഷത്തോടുകൂടി ഇരിക്കാൻ സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും എല്ലാവരുടെയും കൈകളിലേക്കും പണമെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷം മാത്രമല്ല മലയാളിയുടെ ജീവിതം ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണ് വാരാഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം സാംസ്‌കാരികം സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

ചടങ്ങിൽ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, ഡോ. ശശി തരൂർ എംപി, എംഎൽഎമാരായ എം.വിൻസെന്റ്, എൻ.ശക്തൻ, ജി.സ്റ്റീഫൻ, രമ്യ ഹരിദാസ്, സുധീർഷാ പാലോട്, ജി.ആർ അനിൽ, മേയർ വി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ എം.അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

25/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav