Kerala

ചവറ ബി.ജെ.എം. കോളേജ് വഴിത്തർക്കത്തിന് ശാശ്വത പരിഹാരം: കോടതിയുടെയും മന്ത്രിമാരുടെയും ഇടപെടലിൽ ബദൽ പാതയ്ക്ക് സർക്കാർ അനുമതി

 

​ചവറ: വർഷങ്ങളായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അധികൃതരും സമീപവാസികളും തമ്മിൽ നിലനിന്നിരുന്ന വഴിത്തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരമായി. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നടന്ന അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, പൊതുജനങ്ങൾക്ക് സഞ്ചരിക്കാനായി കോളേജ് കോമ്പൗണ്ടിനുള്ളിലൂടെ ബദൽ പാത അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ കോളേജും സമീപത്തെ നിരവധി കുടുംബങ്ങളുമായി 17 വർഷമായി നടന്നു വരുന്ന വ്യവഹാരങ്ങൾക്കാണ് മന്ത്രിമാരായ ഷിബു ബേബിജോണിന്റെയും റോജി എം ജോണിന്റെയും കോളേജ് പിടിഎയുടെയും ഇടപെടലുകളിലൂടെ രമ്യമായ പരിഹാരമുണ്ടായിരിക്കുന്നത്.

അതേസമയം, കോളേജ് കോമ്പൗണ്ടിന് മധ്യത്തിലൂടെ ആവശ്യപ്പെട്ടിരുന്ന പാതയ്ക്ക് ബദൽ പാത ഒരുക്കാൻ ഉത്തരവിറങ്ങിയതോടെ കോളേജ് അധികൃതർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്കും പരിഹാരമായി. ​കോളേജ് വസ്തുവിലൂടെ ദേശീയപാതയിലേക്ക് നടപ്പുവഴി ആവശ്യപ്പെട്ട് സമീപവാസികൾ 2009-ൽ ശാസ്താംകോട്ട കോടതിയിൽ നൽകിയ കേസ് 2015 ൽ കൊല്ലം ജില്ലാ കോടതിയും 2025 ൽ ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെ എത്തിയിരുന്നു. ഈ തർക്കം കാരണം കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇത് ക്യാമ്പസിനുള്ളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യത്തിനും, തെരുവ് നായകളുടെ ആക്രമണത്തിനും വഴിവെച്ചിരുന്നു. 2026-ൽ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി സ്ഥലം എംഎൽഎയും മന്ത്രിയുമായ ഷിബു ബേബി ജോണും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ഇടപ്പെട്ട്, ‘സമാധാൻ സമാരോഹ്’ ലോക് അദാലത്തിൽ ഈ കേസ് ഉൾപ്പെടുത്തി പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു.

​ഇതിന്റെ അടിസ്ഥാനത്തിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ആദ്യ ഉത്തരവിൽ പിടിഎയും കോളേജ് കൗൺസിലും നിർദ്ദേശിച്ചതുപോലെ നാല് മീറ്റർ വീതിയുള്ള ബദൽ പാത അനുവദിക്കാൻ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. കോളേജ് കാന്റീൻ കെട്ടിടത്തിന്റെ കുറച്ചു ഭാഗങ്ങൾ പൊളിച്ചുമാറ്റി, ഹൈവേയിലേക്ക് എത്തുന്ന രീതിയിലായിരുന്നു ഈ പാത വിഭാവനം ചെയ്തത്. എന്നാൽ, യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബദൽ പാതയുടെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. ഈ ശുപാർശ അംഗീകരിച്ചാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

​പുതിയ സർക്കാർ ഉത്തരവ് പ്രകാരം, നേരത്തെ തീരുമാനിച്ച നാല് മീറ്റർ വീതിക്ക് പകരം, സ്ഥലപരിമിതി അനുസരിച്ച് വ്യത്യസ്ത വീതികളിൽ പാത നിർമ്മിക്കും. ഈ പുതിയ തീരുമാനത്തോടെ, വർഷങ്ങളായുള്ള നിയമപോരാട്ടത്തിന് അന്ത്യമായി. കോളേജ് ക്യാമ്പസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചുറ്റുമതിൽ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനും പുതിയ ഉത്തരവ് കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകുന്നു. പാതയ്ക്ക് ആവശ്യമായ വീതി ലഭിച്ചതോടെ, സമീപത്തുള്ള നിരവധി കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. മാത്രമല്ല, കോളേജിൽ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്ന വനിതാ ഹോസ്റ്റൽ നിർമ്മിക്കാനും മൈതാന നവീകരണത്തിനും ഈ പാത പ്രയോജനപ്പെടും. കഴിഞ്ഞ 17 വർഷമായി നീണ്ടുപോയ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ചവറ എംഎൽഎയും കോളേജ് പിടിഎയും നടത്തിയ ഇടപെടലുകൾ നിർണ്ണായകമായി.

25/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav