
തിരുവനന്തപുരത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ്സും പെട്രോൾ ലോറിയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. ടാങ്കർ ലോറി കെഎസ്ആർടിസിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടസമയത്ത് പ്രദേശത്ത് നേരിയ രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നതും റോഡിലെ തെന്നലിന് കാരണമായി.
അപകടം നടക്കുമ്പോൾ ബസ്സിൽ വലിയ തിരക്കില്ലായിരുന്നു, ഏകദേശം 30 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ വലിയ ആശ്വാസകരമായ കാര്യം, ആരുടെയും പരിക്ക് ഗുരുതരമല്ല എന്നതാണ്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.



