
സെപ്തംബർ 5 മുൻ രാഷ്ട്രപതിയും അതിപ്രശസ്തനായ ഒരധ്യാപകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ്റെ ജന്മദിനമാണ്.1961 മുതൽ ഈ ദിനം നമ്മുടെ രാജ്യത്ത് അധ്യാപകദിനമായി ആചരിച്ചു വരുന്നു. ഓക്ടോബർ 5 ആണ് ലോക അധ്യാപകദിനമായി യുനസ്കോ ആചരിച്ചു വരുന്നത്.
അധ്യാപകരെ ആദരിക്കുക.
അധ്യാപകരുടെ സേവനം കണക്കിലെടുത്ത് അംഗീകാരങ്ങൾ നല്കുക.
അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുക.
അധ്യാപനത്തിന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്ന പൊതുയോഗങ്ങളും സമ്മേളനങ്ങളും നടത്തുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ളത്
അധ്യാപനം മഹത്തായ ഒരു രാഷ്ട്ര സേവനമാണ്. അധ്യാപനം രാഷ്ട്രസേവനം, രാഷ്ട്രസേവനം ജീവിത ലക്ഷ്യം’ എന്ന സന്ദേശവാക്യം മുറുകെപ്പിടിച്ച് സേവനമനുഷ്ടിക്കുന്ന നിരവധി അധ്യാപകരെ നമുക്ക് കാണാൻ കഴിയും.
തമസ്സകറ്റി വെളിച്ചം പ്രദാനം ചെയ്യുന്നവനാണ് ഗുരു. ഗുരുവിന്റെ വീടുകളിൽ താമസിച്ച്, അദ്ദേഹത്തിന്റെ ആജ്ഞകൾ ശിരസ്സാവഹിച്ച് ഇടവേളകളിൽ അദ്ദേഹത്തിൻ്റെ വായിൽ നിന്നും വീഴുന്ന അറിവുകളുടെ ശകലങ്ങൾ ഹൃദിസ്ഥമാക്കി പഠിക്കുന്ന പഴയ ഗുരുകുല സമ്പ്രദായമാണ് ഏറ്റവും പ്രാഥമികമായ വിദ്യാഭ്യാസ രീതിയായി കണക്കാക്കപ്പെടുന്നത്.
പിന്നീട് അത് എഴുത്താശാൻമാർ നടത്തുന്ന എഴുത്തുപള്ളിക്കൂടങ്ങളായി മാറി. ആ രീതികളിലെല്ലാം അധ്യാപകന് വിദ്യാഭ്യാസ പ്രക്രിയയിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് നല്കപ്പെട്ടിരുന്നത്.
പിന്നീട് കലക്രമേണ, ശാസ്ത്രസാങ്കേതിക വിദ്യകളുടെയൊക്കെ കണ്ടുപിടുത്തങ്ങളുടെയെല്ലാം ഫലമായി വിദ്യാഭ്യാസ പ്രക്രിയയിൽ ഒരുപാട് മാറ്റങ്ങൾ വന്നു.

ഒരാൾക്ക് ഒന്നും മറ്റൊരാളെ പഠിപ്പിക്കാൻ കഴിയില്ല എന്നാണ് മന:ശാസ്ത്രജ്ഞൻമാർ പറയുന്നത്. പഠിക്കാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാനും പഠിക്കാനായി സഹായിക്കാനുമാണ് കഴിയുക എന്നതാണ് ആധുനിക സിദ്ധാന്തം.
എന്ത് തന്നെയായാലും ഒരു വ്യക്തിയുടെ ജീവതത്തിന് കാരണക്കാരായ മാതാപിതാക്കൾ കഴിഞ്ഞാൽ ആ വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുക അവന്റെ അധ്യാപകന് തന്നെയാണ് എന്നതിൽ തർക്കമില്ല.



