
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് അച്ചന്‍കോവില്‍ ആവണിപ്പാറയില്‍ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മവും സി അജയപ്രസാദ് എം എല്‍ എ നിര്‍വഹിച്ചു. ഊരിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിലൂടെ ഏറെ ദൂരം സഞ്ചരിച്ച് റേഷന്‍ വാങ്ങാനെത്തണമെന്ന സാഹചര്യമാണ് ഒഴിവാകുന്നതെന്നും ഇത് ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണെന്നും എംഎല്‍എ പറഞ്ഞു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഊരുകളില്‍ നേരിട്ടെത്തിച്ചു നല്‍കുന്നതാണ് സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. ആവണിപ്പാറ ഊരിലെ 38 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാന്‍ അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വി, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ മനോജ് ടി കെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




