നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കെ കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം റെവന്യൂ മന്ത്രി എ പി അനിൽ കുമാർ നിർവ്വഹിക്കുന്നു
Kerala

നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കെ കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം റെവന്യൂ മന്ത്രി എ പി അനിൽ കുമാർ നിർവ്വഹിക്കുന്നു

പട്ടയവിതരണം സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ സുപ്രധാന ഘടകം-മന്ത്രി എ.പി. അനില്‍ കുമാര്‍ ജില്ലാതല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പട്ടയവിതരണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന തൃശ്ശൂര്‍ ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറുദിനങ്ങള്‍ കൊണ്ട് 5,000 പട്ടയങ്ങള്‍ വിതരണം ചെയ്യാനായിരുന്നു പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നതെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലക്കാട് നടക്കാനിരിക്കുന്ന സംസ്ഥാനതല പട്ടയമേളയോടെ 10,000-ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 25,000 ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാനായിരുന്നു വകുപ്പിന്റെ തീരുമാനം. എന്നാല്‍, ഇതിനകം തന്നെ 30,000-ത്തിലധികം എണ്ണത്തില്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. ഇത് 50,000 ആയി ഉയര്‍ത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രം 6,000 ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പാക്കനായതായും മന്ത്രി പറഞ്ഞു.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ആവശ്യമായ രേഖകളില്ലാത്തവര്‍ക്കും ഭൂമിയും ഭൂമിക്ക് അവകാശ രേഖയും ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വനഭൂമി, തീരദേശം, മലയോര മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്നതിനാല്‍ കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കും അര്‍ഹരായവര്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഭൂമി അനുവദിക്കുന്നതിനാണ് വരുംവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പട്ടയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ അപേക്ഷ നല്‍കാന്‍ സാധിക്കാത്ത ആദിവാസി വിഭാഗങ്ങളെ ട്രൈബല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്തമാണ്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ഒരു ആവശ്യത്തിനായി ജനങ്ങള്‍ പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. ഒറ്റത്തവണ കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായ ദിവസം നിശ്ചയിച്ച് മറുപടി നല്‍കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം പ്രശംസനീയമാണ്. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനോ മറ്റ് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നതിനോ എതിരെ കര്‍ശ്ശന നടപടി സ്വീകരിക്കും. റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് ടീമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനൊപ്പം വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ കൃത്യമായ പരിശോധനകള്‍ തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പട്ടയമേള ഉദ്ഘാടനം ചെയ്ത ശേഷം വേദിയില്‍വെച്ച് വിവിധ വിഭാഗത്തിലുള്ള 15 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1175 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതില്‍ 1021 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും, 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉള്‍പ്പെടുന്നു.

പരിപാടിയിൽ രാജന്‍ ജെ. പല്ലന്‍ എംഎൽ എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. രാജന്‍, എ.സി മൊയ്തീന്‍, കെ.കെ രാമചന്ദ്രന്‍, കെ.കെ. വല്‍സരാജ്, അഡ്വ. തോമസ് ഉണ്ണിയാടന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോയ് ബാസ്റ്റിന്‍ ചാക്കോള, അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സ്വാഗതവും സബ് കളക്ടര്‍ എഹ്‌തെദ മുഫസ്സിര്‍ നന്ദിയും പറഞ്ഞു.

14/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav