പ്രധാന എണ്ണ പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളിലേക്കുള്ള അസംസ്‌കൃത എണ്ണ വിതരണം സൗദി അറേബ്യ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.
രാജ്യത്തെ നിർണായകമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട സാഹചര്യത്തിലാണ് സൗദി അരാംകോ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം നിർത്തിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിതരണം പുനരാരംഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റിഫൈനറികൾക്ക് വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഉയരുന്നതും കപ്പൽ ഗതാഗതച്ചെലവ് വർധിക്കുന്നതുമാണ് ആശങ്കയ്ക്ക് കാരണം.
ഡ്രോൺ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് പൈപ്പ്ലൈൻ അടച്ചത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയുടെ പ്രധാന ബദൽ മാർഗമായിരുന്നു ഈ പൈപ്പ്ലൈൻ.
പൈപ്പ്ലൈൻ അടച്ചതിനു പിന്നാലെ ആഗോള എണ്ണവിലയിലും വലിയ വർധനവുണ്ടായി. ഈ ആഴ്ചയുടെ തുടക്കത്തിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് ഏകദേശം 108 ഡോളർ എന്ന നിലയിലെത്തി.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 9 ശതമാനം സൗദി അരാംകോ വഴിയായിരുന്നു. ചെങ്കടൽ, ഹോർമുസ് കടലിടുക്ക് എന്നീ പ്രധാന കടൽപാതകളിലൂടെയുള്ള ഇന്ത്യയിലേക്കുള്ള വിതരണം നിലവിൽ സൗദി കമ്പനി നിർത്തിവെച്ചിരിക്കുകയാണ്.




