
തിരുവനന്തപുരം : കോവളത്തെ സ്പായില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസുകാരി മാസങ്ങളോളം പീഡനത്തിനിരയായ കേസില്‍ സ്പായുടെ യഥാർഥ ഉടമകളിലൊരാളും ഹെല്‍ത്ത് ഇൻസ്പെക്ടറുമായ സ്ത്രീ അറസ്റ്റില്‍.നഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറായ കല്ലറ പാങ്ങോട് മഹേഷ് ഭവനില്‍ വിസി മായ (42) ആണ് അറസ്റ്റിലായത്. ഇതോടെ കോവളം സ്പാ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ ഇളയസഹോദരി, അവരുടെ ഭർത്താവ്, കോവളത്തും വിഴിഞ്ഞത്തുമുള്ള സ്പാകളുടെ നടത്തിപ്പുകാരായ ആലപ്പുഴ സ്വദേശി സജിത്ത് കുമാർ, പൂവാർ തിരുപുറം സ്വദേശി നിഷാന്ത്, സ്പാ ഉടമയായ അനുരൂപ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
കേസില്‍ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിന്റെ സുഹൃത്താണ് മായ. തിരുവനന്തപുരം കോർപ്പറേഷന്റെ ഉള്ളൂർ സോണല്‍ ഓഫീസിലെ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടറായിരുന്നു അനുരൂപ്. കഴിഞ്ഞ ഒന്നരവർഷമായി അനുരൂപും മായയും സൗഹൃദത്തിലാണ്. ഇരുവരും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്.ഇപ്പോള്‍ അറസ്റ്റിലായ മായയും നേരത്തെ അറസ്റ്റിലായ അനുരൂപും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്. സ്പായില്‍നിന്നുള്ള വരുമാനവും ഇവർ പങ്കുവെച്ചു എന്ന് അന്വേഷണസംഘം കണ്ടെത്തി. സ്പായില്‍നിന്നുള്ള വരുമാനം അനുരൂപ് വഴി മായയുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിരുന്നു.അനുരൂപിന്റെയും ഇയാളുടെ ബിനാമി നിഷാന്തിന്റെയും മൊബൈല്‍ ഫോണുകള്‍ എസ്ഐടി പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളില്‍ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കണ്ടെടുത്തിരുന്നു. കേസില്‍ ഇതിനകം അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിക്കും.
പെണ്‍കുട്ടിയെ സ്പായില്‍ കൊണ്ടുവന്നതും കുട്ടി പീഡനത്തിനിരയായതും മായ അറിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ദിവസവും നിശ്ചിതതുക അനുരൂപിന്റെ ഗൂഗിള്‍പേ ഉള്‍പ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് മായ അയച്ചിരുന്നുവെന്നും കണ്ടെത്തി. തുടർന്ന് മായയെ എസ്.ഐ.ടി. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തെളിവുകള്‍ നിരത്തി നടത്തിയ ചോദ്യം ചെയ്യലില്‍ മായ കുറ്റം സമ്മതിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ മായയെ റിമാൻഡ് ചെയ്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നാലുവർഷം മുൻപ് താത്കാലികാടിസ്ഥാനത്തിലാണ് മായ നഗരൂർ ഗ്രാമപ്പഞ്ചായത്തില്‍ ഹരിതകർമസേനയുടെ ഹെല്‍ത്ത് ഇൻസ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ഇവർ വെങ്ങാനൂർ കക്കാക്കുഴിയിലാണ് താമസം. കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് ഇനി പെണ്‍കുട്ടിയെ എത്തിച്ച ഇടനിലക്കാരെ കൂടി കണ്ടെത്താനുണ്ട്.




