
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തിൽ രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് പിടിയിലായി. കൊലപാതകത്തെക്കുറിച്ച് ഉമറിന്റെ പെൺ സുഹൃത്തിന് അറിവുണ്ടായിരുന്നതായാണ് സൂചന. ഗൂഢാലോചന തെളിഞ്ഞാൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. കേസിൽ നിലവിൽ പ്രതിചേർത്തത് മൂന്നുപേരെയാണ്.അതേസമയം, കൊലപാതകത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പാങ്ങപ്പാറ സ്വദേശി അഭിറാം സംഭവ ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളിൽ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മുഖ്യപ്രതി 17കാരൻ ജുവനൈൽ ജസ്റ്റിസ് ബോർഡിൻറെ നിരീക്ഷണത്തിലാണ്.
കേസിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. പ്രതികൾ നൽകിയ മൊഴിയും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം പരിശോധിക്കും. റിമാൻഡിൽ ആയ പ്രതികളെ അധികം വൈകാതെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.




