
തിരുവനന്തപുരം: അഗ്നിവീർ പദ്ധതിയുടെ ഭാഗമായി സേവനകാലാവധി നീട്ടുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ദക്ഷിണ വ്യോമസേനാ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എയർ വൈസ് മാർഷൽ മാലുക് സിങ്. കാലാവധി നീട്ടുന്ന അഗ്നിവീറുകൾക്ക് ഉയർന്ന വേതനം, മെച്ചപ്പെടുത്തിയ സേവാനിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ തലങ്ങളിൽ നിന്നുള്ള വിവരങ്ങളും അനുഭവങ്ങളും വിലയിരുത്തിയ ശേഷമാണ് അഗ്നിവീർ പദ്ധതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. സേനയിലേക്ക് മികച്ച വ്യക്തികളെ ആകർഷിക്കുന്നതിനും അവരുടെ സേവനം കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ എല്ലാ ജില്ലകളിലും നിലവിൽ അഗ്നിവീറുകളുടെ പ്രാതിനിധ്യമുണ്ട്. നേരത്തെ, മെറിറ്റിന്റെ അടിസ്ഥാനത്തിൽ 25 ശതമാനം അഗ്നിവീറുകളെ പ്രതിരോധ സേനയിൽ സ്ഥിരമായി നിലനിർത്താനായിരുന്നു തീരുമാനം. എന്നാൽ, പുതുതായി നീട്ടിനൽകിയ രണ്ട് വർഷത്തെ കാലയളവ് പൂർത്തിയാക്കുന്ന 75 ശതമാനം അഗ്നിവീറുകൾക്കും സ്ഥിരം സൈനികരായി സേവനം തുടരാൻ അവസരം ലഭിക്കും. ഇതിനായി അവർ താൽപ്പര്യം പ്രകടിപ്പിക്കുകയും നിശ്ചിത തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
സേവനകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീറുകൾ അച്ചടക്കവും വിവിധ മേഖലകളിൽ മികച്ച പ്രവർത്തനശേഷിയുമുള്ള പൗരന്മാരായിരിക്കുമെന്നും രാജ്യത്തിന് അവരുടെ സേവനം തുടർന്നും പ്രയോജനപ്പെടുമെന്നും എയർ വൈസ് മാർഷൽ മാലുക് സിങ് കൂട്ടിച്ചേർത്തു.




