
അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി–ജോജു ചിത്രം ‘ആശ’ തിയേറ്ററുകളിൽ
തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒരുമിക്കുന്ന ‘ആശ’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അപകടവും അതിനെ തുടർന്നുണ്ടാകുന്ന ദുരൂഹവും ആകാംക്ഷ നിറഞ്ഞതുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിലറിൽ തന്നെ സിനിമയുടെ സസ്പെൻസ് സ്വഭാവവും കഥാപാത്രങ്ങളുടെ സങ്കീർണതയും വ്യക്തമായതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷയും ഉയർന്നിരുന്നു.
ഉർവശിയും ജോജു ജോർജും ചിത്രത്തിൽ വ്യത്യസ്തവും സങ്കീർണവുമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ, ‘പണി’ ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ചിത്രത്തിലെ ഉർവശിയുടെ വേറിട്ട ഗെറ്റപ്പും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
സഫർ സനൽ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ഒരുക്കിയത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഷാൻ മുഹമ്മദ് എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. അജയൻ അടാട്ടാണ് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത്.
വ്യത്യസ്തമായ പ്രമേയവും താരങ്ങളുടെ പ്രകടനങ്ങളും സസ്പെൻസ് നിറഞ്ഞ കഥാഗതിയുമാണ് ‘ആശ’യുടെ പ്രധാന ആകർഷണങ്ങളായി അണിയറപ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നത്.




