തൃശൂർ: സിറ്റി ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഗുരുവായൂർ–പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യം രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതികളിലൊരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു. വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്ന് 300 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്.
ഇതോടെ ആകെ 323 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ബന്ധങ്ങളെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

