കൊല്ലം: കേരളത്തെ ലഹരിമുക്തമാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ജനകീയ ദൗത്യമായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ‘ജ്വാല 2026’ വനിതാസംഗമം ജൂലൈ 7-ന് വൈകിട്ട് 4 ന് കൊല്ലം കോർപ്പറേഷൻ ടൗൺ ഹാളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും.
കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം വനിതകൾ പങ്കെടുക്കും. സമൂഹത്തിൽ വർധിച്ചുവരുന്ന രാസലഹരിയുടെ ദുരുപയോഗം കുടുംബങ്ങളെ തകർക്കുകയും അതിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരുന്നത് അമ്മമാർക്കും സഹോദരിമാർക്കുമാണ്. നാടിനെ ലഹരിമുക്തമാക്കാൻ അവരെ കൂടി ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഷിബു ബേബി ജോൺ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ സി.ആർ മഹേഷ്, അഡ്വ. വിഷ്ണുമോഹൻ, ബി.ബി ഗോപകുമാർ, മേയർ എ.കെ ഹഫീസ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി പി. വിജയൻ, സതേൺ റേഞ്ച് ഐ.ജി.പി സ്പർജൻ കുമാർ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ. ഹിമേന്ദ്രനാഥ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാദേവി, കളക്ടർ ആനി ജൂല തോമസ് തുടങ്ങിയവർ പങ്കെടുക്കും.
ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക, കുടുംബങ്ങളിലും സമൂഹത്തിലും ജാഗ്രത വർദ്ധിപ്പിക്കുക, യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒരുക്കുന്ന ‘ജ്വാല 2026’ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത നേതൃത്വം നൽകും. പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘ജ്വാല 2026’ വനിതാസംഗമം സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിൽ വനിതകളുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കുന്ന ശ്രദ്ധേയമായ പരിപാടിയാകും ഇത്.

