കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും ശില്‍പശാല മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടന ചെയ്യുന്നു
Kerala

കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും ശില്‍പശാല മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടന ചെയ്യുന്നു

*തെരുവുനായ പ്രശ്‌നത്തിന് ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകു: മന്ത്രി ബിന്ദു കൃഷ്ണ*

*സംസ്ഥാനതലത്തില്‍ ഏകീകൃത ഡിജിറ്റല്‍ പെറ്റ്മാനേജ്‌മെന്റ്‌സംവിധാനം സര്‍ക്കാര്‍ പരിഗണിക്കും

തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍, മൃഗസംരക്ഷണ, ക്ഷീരവികസന, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ‘കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും’ എന്ന വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ എന്നിവ സംയുക്തമായി മണ്ണുത്തി വികെഐഡിഎഫ്ടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യവും പരിസ്ഥിതിയും ഒരുമിച്ച് പരിഗണിക്കുന്ന ‘വണ്‍ ഹെല്‍ത്ത്’ സമീപനത്തിലൂടെ, മൃഗസംരക്ഷണ-ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന് മന്ത്രി പറഞ്ഞു. വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ്, മൈക്രോചിപ്പിംഗ്, വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ഒരു ഏകീകൃത ഡിജിറ്റല്‍ പെറ്റ്മാനേജ്‌മെന്റ്‌സംവിധാനം വികസിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശാസ്ത്രീയ വന്ധ്യംകരണവും (എബിസി) കൂട്ടത്തോടെയുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പും തുടര്‍ച്ചയായി നടത്തി, 2030-ഓടെ പേവിഷബാധ മൂലമുള്ള മനുഷ്യമരണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് കേരളം എത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പരിഹാരം കേന്ദ്രീകരണത്തിലല്ല, വികേന്ദ്രീകരണത്തിലാണെന്നും, ഓരോ വാര്‍ഡും സ്വന്തം പ്രദേശത്തെ നായകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, നിലവിലുള്ള സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികളെ പ്രയോജനപ്പെടുത്തുന്ന വാര്‍ഡ്തല മാതൃകയാണ് പ്രായോഗികമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഏതാനും വര്‍ഷത്തേക്കുള്ള പദ്ധതിയായല്ല, മറിച്ച് ഒരു നിരന്തര ഉത്തരവാദിത്തമായി കാണണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ.എസ്. അനില്‍ ആമുഖ പ്രസംഗം നടത്തി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. സിന്ധു, സര്‍വകലാശാലാ ഡയറക്ടര്‍ ഓഫ് അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രൊഫ. (ഡോ.) സി. ലത, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.ആര്‍ ബിനു പ്രശാന്ത്, ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊഫ. (ഡോ.) ടി.എസ്. രാജീവ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) സാബിന്‍ ജോര്‍ജ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ കൃതജ്ഞതയും അറിയിച്ചു.

ഉദ്ഘാടന ചടങ്ങിനുശേഷം നടന്ന സാങ്കേതിക സെഷനുകളില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തെരുവുനായ നിയന്ത്രണത്തിന്റെ വിജയ മാതൃകകളും പ്രായോഗിക സമീപനവും (ഡോ. ഷിബു സൈമണ്‍), തെരുവുനായകളും കമ്മ്യൂണിറ്റി നായകളും തമ്മിലുള്ള
വ്യത്യാസവും ഉത്തരവാദിത്വ മൃഗക്ഷേമവും (ഡോ. വിനോദ് കുമാര്‍ കെ.), സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണത്തിന്റെയും പേവിഷ പ്രതിരോധത്തിന്റെയും നിലവിലെ അവസ്ഥ (ഡോ. സഞ്ജയ് ഡി.), പേവിഷബാധ ഉയര്‍ത്തുന്ന മനുഷ്യാരോഗ്യ-പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍
(ഡോ. കെ.വി ജയ) എന്നിവയായിരുന്നു അവതരിപ്പിച്ച പ്രബന്ധങ്ങള്‍.

മൃഗക്ഷേമ നിയമങ്ങളും നിയമപ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക പരിഹാരങ്ങളും (ഡോ. ആര്‍. വേണുഗോപാല്‍, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ്), ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ കാഴ്ചപ്പാട് (ഡോ. വി.കെ.പി. മോഹന്‍കുമാര്‍), കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന്റെ പങ്ക് (ഡോ. ലീന പോള്‍), മൃഗക്ഷേമ കാഴ്ചപ്പാട് (പ്രീതി ശ്രീവത്സന്‍, പിഎഡബ്ല്യുഎസ് തൃശ്ശൂര്‍) എന്നിവയും അവതരിപ്പിക്കപ്പെട്ടു. അടാട്ട് മാതൃക (സാന്‍ജോ സാബു),
സര്‍വകലാശാലയുടെ ഷാര്‍പ്പ് പദ്ധതി, കോഴിക്കോട് കോര്‍പ്പറേഷന്റെ എ.ബി.സി. മാതൃക (ഡോ. ശ്രീഷ്മ വി.എസ്.) തുടങ്ങിയ വിജയകരമായ മാതൃകകളും സെഷനില്‍ അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവയ്ക്കുന്ന പാനല്‍ ചര്‍ച്ചയും ഓപ്പണ്‍ ഡിസ്‌കഷനും നടന്നു. സുസ്ഥിര തെരുവുനായ നിയന്ത്രണത്തിനായുള്ള ഔദ്യോഗിക ശുപാര്‍ശകള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

17/07/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav