ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്
Kerala

ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്

 

ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുളള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

മതേതര മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകുമ്പോള്‍ ജനാധിപത്യത്തിന് കൂടുതല്‍ ശോഭയേകുവാന്‍ കഴിയും. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളത്. ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പട്ടാള അട്ടിമറികളിലേക്കും അരാജകത്വത്തിലേക്കും നീങ്ങിപ്പോയപ്പോള്‍ ജനാധിപത്യ മൂല്യങ്ങളെ ശക്തമായി നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്.

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യം ഇന്ന് സമുചിതമായി നാം ആഘോഷിക്കുമ്പോള്‍ നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും ജനാധിപത്യവും നേടിത്തരുവാന്‍ ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് സാധാരണ മനുഷ്യരെയും അതിന് നേതൃത്വം കൊടുത്ത നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെയുമാണ് സ്മരിക്കുന്നത്. മഹാത്മജി മുതല്‍ നമ്മുടെ നാടിനുവേണ്ടി സ്വയം ജീവിതം സമര്‍പ്പിച്ച ആ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച വ്യക്തികളെയും കാലഘട്ടത്തെയും ഓര്‍മ്മിക്കാം. അവര്‍ നേടിനല്‍കിയ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ നമുക്ക് ചേര്‍ത്തുനിര്‍ത്തുവാന്‍ കഴിയണം. നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശ്രേഷ്ഠതയാണ് നാം അനുഭവിക്കുന്നത്.

പുതുയുഗ പിറവി ലക്ഷ്യമിട്ട് നൂതനമായ ആശയങ്ങളും പദ്ധതികളുമാണ് സംസ്ഥാന സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി സൗജന്യ യാത്ര പോലെയുള്ള ഫ്‌ളഗ്ഷിപ്പ് പദ്ധതികള്‍ കൂടാതെ ഇന്ത്യയില്‍ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 80-ാം സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവര്‍ക്കും മന്ത്രി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

റോയി കെ പൗലോസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നാസിം, ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സാന്ദ്രമോള്‍ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോണ്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

15/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav