
സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു – അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സിനിമകളിലെ ക്രൂരമായ രംഗങ്ങൾ ഭയപ്പെടുത്തുന്നുവെന്നും അത്തരം ചില സിനിമകൾ കണ്ടിട്ട് പകുതിയിൽ ഇറങ്ങി വന്നതും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി. വിധേയനിലെ യഥാർത്ഥ കഥ വയലൻസ് നിറഞ്ഞതായിരുന്നു. പട്ടേൽഎന്ന കഥാപാത്രം ക്രൂരനാണ്. എന്നാൽ താൻ ആ സിനിമ ചെയ്തപ്പോൾ വയലൻസ് ഒഴിവാക്കി കഥ പറഞ്ഞ് പോകുന്ന രീതിയിലാക്കി. സിനിമ ഹിറ്റായി. കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി അടൂരിന്റെ വീട്ടിൽ ഒരുക്കിയ ഓണക്കോടി സമർപ്പണത്തിനും ജൻമദിന കേക്ക് മുറിക്കലിനുശേഷം ഓണ – സിനിമ സംവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അടൂർ. തന്റെ സ്ക്രീപ്റ്റുകൾ മുൻകൂറായി നൽകിയിട്ടുള്ളത് മമ്മൂട്ടിക്ക് മാത്രമാണ്. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. അവയിൽ 11 നും ദേശീയ അന്തർദേശീയ സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചു. 13 മത് ചിത്രമാണ് മമ്മൂട്ടി കമ്പനിയുടെ പദയാത്ര . സെൻസറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു ജീവികളെയും ഉപദ്രവിക്കരുതെന്നും അവയെല്ലാം നമ്മുടെ സുഹൃത്തുക്കളാണെന്നും നാലുകെട്ടിലെ ഏകാന്ത താമസത്തെക്കുറിച്ച് കുട്ടികൾ ചോദിച്ച കുസ്രുതി ചോദ്യത്തിനു മറുപടിയായി അടൂർ പറഞ്ഞു. മതിലുകൾ സിനിമയാക്കാൻ പലരും വൈക്കം മുഹമ്മദ് ബഷീറിനെ സമീപിച്ചു. അതിലെ നായികയെ പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം. എന്നാൽ ബഷീർ സമ്മതിച്ചില്ല. താൻ സമീപിച്ചപ്പോൾ നായിക ആരെന്ന് ബഷീർ ചോദിച്ചു. ഇതിൽ നായിക ഇല്ലെന്ന് മറുപടി നൽകിയപ്പോൾ എന്നാൽ പടം ഹിറ്റാകുമെന്ന് ബഷീർ പറഞ്ഞു – അതങ്ങനെ സംഭവിക്കുകയും ചെയ്തു. ഓസ്ക്കാർ പുരസ്ക്കാര നിർണ്ണയത്തിൽ നമ്മുടെ ആളുകൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ഹോളിവുഡിനെ കേന്ദ്രീകരിച്ചാണ് അതിന്റെ പ്രവർത്തനം. ഓരോ കാറ്റഗറിക്കും അതിന്റേതായ കമ്മിറ്റികളുണ്ട്. അവരാണ് പുരസ്ക്കാര നടപടികൾ നടത്തുന്നത്. മറിച്ചുള്ള ധാരണകളും വാർത്തകളും തെറ്റാണ്. തന്റെ സിനിമകൾ ഹിറ്റല്ലായെന്ന് ഒരു പ്രേക്ഷകനും പറഞ്ഞിട്ടില്ല. എല്ലാ സിനിമകളിലും ആർട്ടും കൊമേഴ് സലുമുണ്ട്. ചിലർ ചില ചിത്രങ്ങളെ ആർട്ട് സിനിമ എന്ന് മുൻകൂട്ടി പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് മനസിലാകുന്നില്ല. മലയാള സിനിമക്ക് ലോക സിനിമ ഭൂപടത്തിൽ മേൽവിലാസം നൽകിയത് ഏത് തരം സിനിമകളെന്ന് പുതു തലമുറ മനസിലാക്കണം – സംവാദങ്ങൾക്ക് മറുപടിയായി അടൂർ വെളിപ്പെടുത്തി. ഓണം ഇന്ന് ടെലിവിഷനിൽ ഒതുങ്ങിയെന്നും കുട്ടികളോടായി അദ്ദേഹം പറഞ്ഞു. സുഹൃത് സമിതിയുടെ ഓണക്കോടി ഡോ: പ്രമോദ് പയ്യന്നൂർ അടൂരിന് നൽകി. ജൻമദിനകേക്ക് അടൂർ മുറിച്ചു. ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ് പൊന്നാട ചാർത്തി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷനായി. മറ്റ് ഭാരവാഹികളായ എം.എച്ച്. സുലൈമാൻ , സൈനുൽ അബ്ദീൻ, ഷംസ് അബ്ദീൻ, കെ.ജി.കുമാർ പൂവാർ , അനിത, സുഗത , അലി ഫാത്തിമ, ലതിക ആർ. നായർ , നസീറ, ലൈല, ജാസ്മിൻ , ഗൗരീ കൃഷ്ണ, ആര്യ, റംല, ജാവേദ് എന്നിവർ പങ്കെടുത്തു.



