ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ വാർത്താസമ്മേളനം
Kerala

ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ വാർത്താസമ്മേളനം

Screenshot

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് 100 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ആരോഗ്യവകുപ്പിലെ സിസ്റ്റം അടിമുടി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

തകർന്ന സിസ്റ്റത്തെ ശരിയാക്കാനുള്ള കൂട്ടായ പരിശ്രമമാണ് കഴിഞ്ഞ 100 ദിവസങ്ങളായി നടന്നത്. അതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് തുടക്കമിടുകയാണ്.

ജനങ്ങളുടെ ബുദ്ധിമുട്ടുകളും ആശുപത്രികളുടെ അവസ്ഥയും നേരിൽ കണ്ട് മനസിലാക്കിയാണ് ആരോഗ്യവകുപ്പിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കായൽപ്പം എന്ന പേരിൽ ആരോഗ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി ആവിഷ്കരിച്ചും ഇതിന് വേണ്ടിയാണ്. കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിൽ ഇതിനോടകം പൂർത്തിയായി. ഇതിന് പുറമേയും ജില്ലകളിൽ സന്ദർശനം നടത്തുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സന്ദർശിച്ച് സാഹചര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ.

 

പ്രതീക്ഷാ
കേന്ദ്രങ്ങൾ
24*7സംവിധാനം

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ തീരാവുന്ന കേസുകൾ പോലും ഇന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ അത്യാഹിതവിഭാഗങ്ങളിൽ എത്തുന്നുണ്ട്. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു.

അമിതമായ തിരക്ക് കാരണം അർഹരായവർക്ക് പലപ്പോഴും വിദഗ്ദ്ധ ചികിത്സ യഥാസമയം ലഭിക്കാതെ പോകുന്നു.

വീടിന് തൊട്ടടുത്ത് ചികിത്സ ലഭിക്കാമെന്നിരിക്കെ മെഡിക്കൽ കോളേജുകളിലേക്കായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കാര്യക്ഷമതയുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന മെഡിക്കൽ കോളേജുകളുടെ പ്രധാനദൗത്യത്തിന് മങ്ങലേൽക്കാനും ഇത് കാരണമാകും.

ഈ സാഹചര്യത്തിലാണ് ജില്ലാ ആശുപത്രികളിലോ ജനറൽ ആശുപത്രികളിലോ 24*7 സ്പെഷ്യാലിറ്റി സേവനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതീക്ഷാ സെന്റുകളെന്ന് ഇവ അറിയപ്പെടും. ഓരോ ജില്ലയിലും ഒരു പ്രതീക്ഷ സെന്റുകളെങ്കിലും സജ്ജമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടമായി പുനലൂർ താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ ഇന്നലെ (സെപ്തംബർ ഒന്ന്) മുതൽ ട്രയൽ റൺ ആരംഭിച്ചു. പോരായ്മകൾ മനസിലാക്കി പരിഹരിക്കും. ഈമാസം പത്താം തീയതിയോടെ പൂർണ്ണ സജ്ജമാകും.

മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും.

ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മികച്ച സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ഓപ്പറേഷൻ തീയേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുള്ളപ്പോൾ എന്തിനാണ് രോഗികളെ മെഡിക്കൽ കോളേജിലേക്ക് അയച്ച് ബുദ്ധിമുട്ടിക്കുന്നത്.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പരിമിതി ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. പദ്ധതി വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് ആവശ്യമായ ജീവനക്കാരെയും നിയോഗിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതാണ്.

നിലവിലെ സാഹചര്യത്തിൽ പലയിടങ്ങളിലും കാര്യമായ ജോലിയില്ലാതെ ഇരിക്കുന്ന ജീവനക്കാരെ കണ്ടെത്തി വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാറ്റത്തിന് തുടക്കമിടുകയാണ്. മാറ്റം അനിവാര്യമാണ്. മാറിയേ തീരൂ.

ആശങ്കകൾ അറിയിക്കാനെത്തിയവരോടെല്ലാം കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയാണ് ജനങ്ങൾക്ക് വേണ്ടി ഇത്തരമൊരു തീരുമാനം.

*ഹൃദയരാഗം*
വർദ്ധിച്ചുവരുന്ന രോഗങ്ങളും അമിതമായ ചികിത്സാ ചെലവും കാരണം ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ദീർഘവീക്ഷണത്തോടെ ആരോഗ്യവകുപ്പ് പുതിയൊരു ചുവടുവയ്ക്കുകയാണ്. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, ഫാറ്റിലിവർ, പക്ഷാഘാതം, കാൻസർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളാണ് ഇന്ന് കേരളത്തിൽ രോഗാതുരതയുടെയും മരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ. നമ്മുടെ സംസ്ഥാനത്ത് നാലിൽ ഒരാൾക്ക് പ്രമേഹവും, മൂന്നിൽ ഒരാൾക്ക് രക്താതിമർദ്ദവും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പരിശോധനകൾക്ക് വിധേയരാകാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിവില്ലാത്തവരുമാണ്. കൃത്യമായ ചികിത്സ സ്വീകരിക്കാതിരുന്നാൽ ക്രമേണ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് ഇവ നയിക്കും.

കേരളത്തിൽ ചികിത്സാ ചിലവുകൾ വർദ്ധിക്കുന്നതിന് ഒരു പ്രധാന കാരണം ജീവിതശൈലീ രോഗങ്ങളാണ്. അതിനാൽ, ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ജനപങ്കാളിത്തത്തോടെ “ഹൃദയരാഗം” എന്ന ഒരു പ്രത്യേക കാമ്പയിൻ ആരോഗ്യ വകുപ്പ് ആരംഭിക്കുകയാണ്.

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രബിന്ദുവാക്കി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗം.

കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെയും ജനസംഖ്യാസവിശേഷതകളെയും പ്രതിനിധീകരിക്കാനായി മൂന്ന് നിയമസഭാ മണ്ഡലങ്ങളെയാണ് [വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം)] ആദ്യ ഘട്ടത്തിൽ ക്യാമ്പയിൻ നടപ്പിലാക്കാനായി തിരഞ്ഞെടുത്തത്. ഈ മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ വിളംബര ജാഥ നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.

മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ഒരേ സമയം പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലഭിക്കുന്ന,വിവരങ്ങൾ വിശകലനം ചെയ്ത ശേഷം സംസ്ഥാനവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കും.

 

18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി ജനസംഖ്യാധിഷ്ഠിത സ്ക്രീനിംഗും രോഗ സാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റർ ചെയ്ത് ഒരു വ്യക്തിഗത ഹെൽത്ത് ഡയറി നൽകുകയും, ചികിത്സ, ജീവിതശൈലി പരിവർത്തനം, സങ്കീർണത പ്രതിരോധം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ തുടർപരിശോധനാ ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.

ഗൃഹസന്ദർശനം നടത്തിയുള്ള സർവ്വേ, റിസ്ക് വിലയിരുത്തൽ, സ്ക്രീനിംഗ് ക്യാമ്പുകൾ, ആരോഗ്യമേളകൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി മാറ്റത്തിനുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, രോഗനിർണ്ണയത്തിനുള്ള പരിശോധനകൾ, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങൾ.

ബോധവൽക്കരണം, രജിസ്ട്രേഷൻ, സ്ക്രീനിംഗ് എന്നിവ ആദ്യ ഘട്ടത്തിലും തുടർന്ന് വിദഗ്ധ ചികിത്സ, പരിശോധനകൾ, തുടർസേവനങ്ങൾ എന്നിവ രണ്ടാംഘട്ട കാമ്പയിനിലൂടെയും നടപ്പിലാക്കും.

ആവശ്യമുള്ള സന്ദർഭത്തിൽ ശരിയായ ഡോക്ടറെയും മതിയായ ചികിത്സയും ഓരോ രോഗിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത് ഉറപ്പാക്കുന്ന പദ്ധതിയാണ് ഹൃദയരാഗം.

ഉയർന്ന റിസ്കുള്ളവർക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും, രോഗികളെ കൺസൾട്ടേഷൻ, പരിശോധന, ചികിത്സ എന്നിവയിലൂടെ ഉറപ്പാക്കും.

സംസ്ഥാനത്ത് നിലവിലുള്ള ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളാണ് ഹൃദയരാഗം ക്യാമ്പയിന് വേണ്ടിയും ഉപയോഗിക്കുന്നത്. ജനസംഖ്യാധിഷ്ഠിത സർവ്വേ ശൈലി (SHAILI) ആപ്പ് വഴിയും സ്ക്രീനിംഗ് JAK PH ആപ്പ് വഴിയുമാണ് നടത്തുന്നത്. ഇ-ഹെൽത്ത് ഹോസ്പിറ്റൽ മാനേജ്മെന്റ് സംവിധാനം വഴിയാണ് രോഗനിർണയം, ചികിത്സ, തുടർപരിശോധനാ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നത്.

കാമ്പയിൻ പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിന് തത്സമയ ഡാഷ്ബോർഡുകൾ ലഭ്യമാക്കും. സർവ്വേ / സ്ക്രീനിങ് സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിച്ച് തുടർപരിശോധനകൾ ആവശ്യമായവർക്ക് അവ ലഭ്യമാക്കുകയും ചെയ്യും.

രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനൊപ്പം ആളുകൾ രോഗികളാകാതിരിക്കാനുള്ള ശ്രമം കൂടിയാണ് ആരോഗ്യവകുപ്പ്ഏറ്റെടുത്തിരിക്കുന്നത്.

*മാനസികാരോഗ്യ കേന്ദ്രങ്ങളല്ല ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ*

സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണ്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലാകും ഇവ ഇനി അറിയപ്പെടുക. പേര് സൂചിപ്പിക്കുന്നത് പോലെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.

 

മാനസിക പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രം ചികിത്സ തേടുന്ന പരമ്പരാഗത സമീപനത്തിൽ നിന്ന്, മാനസികാരോഗ്യം സംരക്ഷിക്കുകയും സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര ആരോഗ്യ സമീപനത്തിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഈ മാറ്റത്തിന് സഹായകമാകുന്ന ആശയമാണ് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ.

നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ പ്രധാനമായും രോഗനിർണയം, ചികിത്സ, മരുന്ന്, കൗൺസലിങ് തുടങ്ങിയ സേവനങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നു. എന്നാൽ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക രോഗമുള്ളവർക്കു മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം. “രോഗം വന്നാൽ ചികിത്സിക്കുക” എന്ന സമീപനത്തിൽ നിന്ന് “മാനസികമായി ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുക” എന്ന സമീപനത്തിലേക്കുള്ള മാറ്റമാണ് ഇതിന്റെ കാതൽ.
“മാനസികാരോഗ്യ കേന്ദ്രം” എന്ന പേര് പലപ്പോഴും ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി കാണപ്പെടുന്നു. അതിനാൽ സഹായം ആവശ്യമുള്ള പലരും ചികിത്സ തേടാൻ മടിക്കാറുണ്ട്. “ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ” എന്ന കൂടുതൽ സൗഹൃദപരമായ സമീപനം ഈ മടി കുറയ്ക്കാൻ സഹായിക്കും.

മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ്, ഏകാന്തത, ജോലിയിലെ സമ്മർദ്ദം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് ഇടപെടാൻ കഴിയണം. ഇതിനായി കൗൺസലിങ്, മാനസികാരോഗ്യ ബോധവത്കരണം, സ്ട്രെസ് മാനേജ്മെന്റ്, ജീവിതശൈലി ഇടപെടലുകൾ തുടങ്ങിയവ കേന്ദ്രങ്ങളിൽ ലഭ്യമാക്കാം.

യുവാക്കളിൽ വർധിച്ചുവരുന്ന സമ്മർദ്ദം, ഏകാന്തത, ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത, പഠന-തൊഴിൽ സംബന്ധമായ ആശങ്കകൾ തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിന് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകും. യുവാക്കൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന,വിധിയെഴുത്തില്ലാത്ത ഒരു സുരക്ഷിത ഇടമായി ഇവ മാറണം.

കൗൺസലിങ്ങിനും ചികിത്സയ്ക്കുമൊപ്പം യോഗ, ധ്യാനം, വ്യായാമം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, വായന, കൂട്ടായ്മകൾ, വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്താം. വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമം ഒരുപോലെ പരിഗണിക്കുന്ന സമഗ്ര മാതൃകയായി കേന്ദ്രങ്ങളെ വികസിപ്പിക്കുകയാണ് ലക്ഷ്യം.

Screenshot
02/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav