
കോട്ടയം: ചെക്ക് കേസിൽ മാണി സികാപ്പൻ എം എൽ എയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി
മാണി സി കാപ്പൻ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്.
നേരത്തെ കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി കാപ്പൻ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി ശിക്ഷ വിധിച്ചത്.
ചെക്ക് കേസിൽ എംഎൽഎയെ ശീക്ഷിച്ചത് പാലാ നിയോജക മണ്ഡലത്തിന് തന്നെ നാണക്കേടാണെന്ന് കേരള കോൺഗ്രസ് ( എം) ചെയർമാനും, പാലായിലെ എതിർസ്ഥാനാർത്ഥിയുമായിരുന്ന ജോസ് കെ മാണി പ്രതികരിച്ചിരുന്നു




