നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ  ഗവ.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവ.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  1. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച നിയമരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിച്ചതോടെ പകർപ്പവകാശം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ പുതിയ നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. സിനിമാ മേഖലയിലെ പൈറസിയുൾപ്പെടെയുള്ള വിഷയങ്ങളിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമബിരുദധാരികൾ അഭിഭാഷകവൃത്തിയിൽ മാത്രം ഒതുങ്ങേണ്ടതില്ല. സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നിയമപരിശോധനയും നിയമവിദഗ്ധരുടെ സേവനവും ആവശ്യമാണ്. മാറിവരുന്ന സാങ്കേതിക, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ നിയമമേഖലകളിലേക്ക് നിയമവിദഗ്ധർ കടന്നുവരണം. ഇതിലൂടെ നിയമബിരുദധാരികൾക്ക് വിപുലമായ തൊഴിൽസാധ്യതകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ പ്രധാന തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കൊപ്പം മാരിടൈം ലോ പഠനത്തിനുള്ള സംവിധാനവും ഒരുക്കണം. മാരിടൈം നിയമരംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ട്. ബോംബെയിൽ നിലവിലുള്ളതുപോലെ അഡ്മിറൽറ്റി ജൂറിസ്ഡിക്ഷനുള്ള കോടതി കേരളത്തിലും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം ഒരു ‘ലിവിംഗ് ലോ’ ആണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിലും ചട്ടങ്ങളിലും ഉണ്ടാകണം. ഭരണഘടനയിലും നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. മാറുന്ന സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുകയും പുതിയ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമവിദ്യാർത്ഥികൾക്ക് ശക്തമായ ഭരണഘടനാപരമായ ബോധം ഉണ്ടായിരിക്കണമെന്നും സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് മനസിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന്റെ പാരമ്പര്യവും പ്രമുഖ പൂർവവിദ്യാർത്ഥികളെയും അനുസ്മരിച്ച മുഖ്യമന്ത്രി, താനും ഈ കലാലയത്തിലെ വിദ്യാർത്ഥിയായിരുന്നതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

സാധാരണക്കാരന് നീതി എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ തലമുറയിലെ അഭിഭാഷകരും നിയമവിദഗ്ധരും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

വാർഡ് കൗൺസിലർ മേരി പുഷ്പം, മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ, കേരള സർവകലാശാല ലോ ഡീൻ പ്രൊഫ ഡോ സിന്ധു തുളസീധരൻ, അഡ്വ എ.സമ്പത്ത്, ലോ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഹമീമ.എം തുടങ്ങിയവർ പങ്കെടുത്തു.

 

14/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav