അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ
Kerala

അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത് – റിസോൾവിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിർണായകമാണ്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിച്ചുവരികയാണ്. കെ ടെറ്റ് വിഷയത്തിൽ സ്പഷ്ടീകരണത്തിനായി സുപ്രീം കോടതിയെ സമീപിക്കും.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ട ഏകദേശം 1,600 അധ്യാപകരുടെ പ്രശ്നം പരിഹരിച്ച് ഉത്തരവിറക്കും. ജില്ലകളിലെ വിവിധ ഓഫീസുകളിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കുന്നതുമൂലമുണ്ടാകുന്ന കാലാതമസം ഒഴിവാക്കപ്പെടണം. ഓരോ ഓഫീസുകൾക്കും തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ വ്യക്തമാക്കി പ്രത്യേക മാനുവൽ പ്രസിദ്ധീകരിക്കും.

പരാതി പരിഹാരം കാര്യക്ഷമമാക്കുന്നതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനം വകുപ്പിൽ ഏർപ്പെടുത്തും. പരാതി ലഭിച്ചാൽ പരമാവധി ആറു മാസത്തിനുള്ളിൽ തീർപ്പു കൽപ്പിക്കും.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കൂടെ എന്ന പദ്ധതിക്കു വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷവും ചില കുട്ടികൾക്ക് യോഗ്യതയ്ക്കൊത്ത മികവില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാല്, ഏഴ് ക്ലാസുകളിൽ ഇത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. ഇതിനായി താരാപഥം എന്ന പേരിൽ ഒരു പരിപാടി നടപ്പാക്കും.

സ്‌കൂളുകളിലെ കായിക പ്രവർത്തനങ്ങൾ സജീവമാക്കും. കൂടുതൽ വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ പഠിച്ചിറങ്ങുന്ന കുട്ടികളിൽ തൊഴിൽ പ്രാവീണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴ്സുകൾ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചാണ്ടി ഉമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ അദാലത്താണ് കോട്ടയത്തു നടന്നത്.

എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത് – റിസോൾവിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി. എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു.
2
കോട്ടയം എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖലാ അദാലത്തിൽ നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ പരിഹാരം ലഭിച്ച തിരുവനന്തപുരം സ്വദേശിനി മേരി ജോസഫിനെ മന്ത്രി എൻ. ഷംസുദ്ദീൻ അഭിനന്ദിക്കുന്നു.
3
കോട്ടയം എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖലാ അദാലത്തിൽ മന്ത്രി എൻ. ഷംസുദ്ദീൻ പരാതിക്കാരിയോട് സംസാരിക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡി. സജിത്ത് ബാബു സമീപ.

 

 

14/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav