കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്ഐടി റെയ്ഡ് നിയമപരമായ നടപടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കളമശേരിയിലെ ഓഫീസിൽ റെയ്ഡ് നടത്തിയതെന്നും സെർച്ച് വാറണ്ട് ഉൾപ്പെടെ മതിയായ അനുമതികൾ നേടിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും അന്വേഷണ സംഘം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ ആഭ്യന്തര വകുപ്പോ ഇടപെടാറില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകളുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകും. റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം മാധ്യമങ്ങൾക്കെതിരായ വേട്ടയാടൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞിട്ടും അന്ന് ആരും പ്രതികരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും പോലീസ് നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.



