തിരുവനന്തപുരം: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിച്ച സിസിടിവി സംവിധാനം പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സംവിധാനം ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ യുവജനങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസിടിവി സംവിധാനം ഒരുക്കിയത്. പരിശീലന കേന്ദ്രങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും പുതിയ സംവിധാനം സഹായകരമാകും. ഉദ്യോഗാർഥികൾക്ക് കൂടുതൽ സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിഷൻ-2031 പദ്ധതിയുടെ ഭാഗമായി സംസ്ഥാന, കേന്ദ്ര സർക്കാർ സർവീസുകളിൽ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി 13 പുതിയ പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയാകുന്ന ഘട്ടത്തിലാണ്.
ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവദാസ് എന്നിവർ പങ്കെടുത്തു.



