ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ണന്താനം പ്രതികരിച്ചത്. സതീശൻ നല്ല മനുഷ്യനും മികച്ച സുഹൃത്തും വിഷണറിയായ നേതാവുമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ ശത്രുത കാണേണ്ട കാര്യമില്ലെന്നും സതീശനെ അഭിനന്ദിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും കണ്ണന്താനം വ്യക്തമാക്കി. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും കണ്ണന്താനം പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശന്റെ പ്രവർത്തനം തൃപ്തികരമാണ്. നല്ല മനുഷ്യനാണ് അദ്ദേഹം. കേരളത്തിന് വലിയ അത്ഭുതങ്ങൾ കൊണ്ടുവരാൻ സതീശന് കഴിയട്ടെ,” അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.
അതേസമയം, വി.ഡി. സതീശനെ പുകഴ്ത്തി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രവുമായി സഹകരിക്കുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിൽ നിന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.



