
കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം:
നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാള്‍ ജോര്‍ജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നല്‍കാനുള്ള നിയമ സാധ്യതകള്‍ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിയെ സഹായിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനം- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. നിയമ സാധ്യതകള്‍ പരിശോധിച്ച് ഒരു മാസത്തിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ട്രിബ്യൂണല്‍, ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ചുകളുടെ വ്യത്യസ്ത വിധികള്‍, വിധിന്യായങ്ങള്‍ നിലവിലുള്ളതിനാലാണ് കേസ് നിയമപരമായി സങ്കീര്‍ണ്ണമായത്. സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനൊപ്പമാണെന്നും ഭൂമി പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ജില്ലയിലെത്തിയതെങ്കിലും കോടതി വിധിയുള്ള സാഹചര്യത്തില്‍ സമിതി വിഷയം പഠിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ നിസഹായവസ്ഥ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് കളക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനോട് സമരം അവസാനിപ്പിക്കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
*കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്*
കാഞ്ഞിരത്തിനാല്‍ ഭുമി പ്രശ്‌നത്തില്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖ്. ഭൂമിയുടെ മൂന്ന് ഭാഗവും ജനങ്ങള്‍ താമസിക്കുകയും കൃഷി ഭൂമിയും ഒരു ഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച് കുടുംബത്തെ കുടിയൊഴിപ്പിച്ച നടപടി വൈകാരികവും അനീതി നിറഞ്ഞതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികള്‍ ഉണ്ടാവില്ല. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തമായ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാര്‍ഗ്ഗത്തിലൂടെ കുടുംബത്തിന് പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ പുതിയ നീക്കം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ജെ.ജസ്റ്റിന്‍ മോഹന്‍, ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഞ്ജന്‍ കുമാര്‍, പാലക്കാട് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ടി. ഉമ, എ.ഡി.എം കെ. അജീഷ്, നേര്‍ത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലി, ജെയിംസ്, ട്രീസ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ*
ജില്ലയില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സംരക്ഷണം നല്‍കുന്നതിന് ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി. കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും സാമൂഹിക അന്തരീക്ഷവും കണക്കിലെടുത്ത് സ്ത്രീകളുടെ വിഷയങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വേഗത്തില്‍ നിയമ-ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ സുഗമമായ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദാലത്തില്‍ ലഭിച്ച കൂടുതല്‍ പരാതികളും ഗാര്‍ഹിക പീഡനം, വഴിത്തര്‍ക്കം, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ 33 പരാതികളാണ് പരിഗണിച്ചത്. 12 പരാതികള്‍ തീര്‍പ്പാക്കി ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. ഒരു പരാതി പോലീസ് റിപ്പോര്‍ട്ടിനായി നല്‍കി. അദാലത്തില്‍ ഒരു പുതിയ പരാതി സ്വീകരിച്ചു. 19 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
*കായിക മിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി*
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കായിക മിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിവിധ കായിക ഇനങ്ങളില്‍ സാമൂഹിക പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളില്‍ പരിശീലനം ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ക്രെഡന്‍സ് എജു സൊല്യൂഷന്‍സ് സ്‌പോണ്‍സര്‍ ചെയ്ത കായിക ഉപകരണങ്ങള്‍ സ്‌കൂളിന് കൈമാറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ കെ ചിത്രലേഖ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ കെ.ടി അഷ്‌റഫ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ പി.എ അബ്ദുല്‍ ജലീല്‍, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഡയറ്റ് ലക്ചറര്‍ ഡോ സതീഷ് ബാബു, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ അബ്ദുല്‍സലാം, വാര്‍ഡ് അംഗം ഷമീറ മുത്തലിബ്, എസ്.എം.സി കണ്‍വീനര്‍ ലത്തീഫ് പുനത്തില്‍, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കര്‍, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, എം.പി.ടി എ പ്രസിഡന്റ് സല്‍മ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
*യുവജന കമ്മീഷന്‍ അദാലത്ത് 22 ന്*
സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കാം. ഫോണ്‍: 0471-2308630.
*മാളുകളില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി*
മാളുകള്‍, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ കുപ്പിവെള്ളത്തിനും മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്കും അമിതവില ഈടാക്കിയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാളുകള്‍, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ അമിത വില ഈടാക്കുന്നെന്ന പരാതിയിന്മേല്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.എസ് പ്രവീണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചായ, കാപ്പി, സ്‌നാക്‌സ്, പോപ്‌കോണ്‍ എന്നിവയുടെ വില വിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിന് നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന്‍ സുബൈര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ യു.ധന്യ എന്നിവര്‍ പങ്കെടുത്തു.
*താത്ക്കാലിക നിയമനം*
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ ട്രേഡ്സ്മാന്‍ പ്ലംബിങ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഐ.ടി.ഐ സിവില്‍, ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോണ്‍: 04936 247420.
*ശുദ്ധജല വിതരണം തടസ്സപ്പെടും*
വൈത്തിരി വൈ.എം.സി.എ ശുദ്ധജല വിതരണ കേന്ദ്രത്തില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 22 വരെ ശുദ്ധജല വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.




