
കൊച്ചി: സാധാരണ ഒരു തീപിടിത്തം എന്ന് എഴുതിത്തള്ളാമായിരുന്ന സംഭവത്തിനു പിന്നിലെ ഞെട്ടിക്കുന്ന രാജ്യദ്രോഹ ഭീകരത അതിവേഗം വെളിച്ചത്തുകൊണ്ടുവന്ന് കൊച്ചി സിറ്റി പോലീസ്. എറണാകുളത്ത് ഉയര്‍ന്ന തീവ്രവാദ ഭീഷണിയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് തകര്‍ത്തത് പ്രഗത്ഭരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണവും കൃത്യതയാര്‍ന്ന ഇടപെടലുമാണ്.
ജമ്മു കാശ്മീരിലെ അത്യന്തം സംഘര്‍ഷഭരിതമായ മേഖലകളില്‍ ഭീകരവാദികളെ മുട്ടുകുത്തിച്ച പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. കാളിരാജ് മഹേഷ് കുമാറിന്റെ കടുപ്പമേറിയ മേല്‍നോട്ടവും, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്റെ തന്ത്രപരമായ അന്വേഷണ മികവുമാണ് സംസ്ഥാനത്തെ വലിയൊരു സുരക്ഷാ ദുരന്തത്തില്‍ നിന്ന് കരകയറ്റിയത്.
കാശ്മീര്‍ കേഡര്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കാളിരാജ് മഹേഷ് കുമാര്‍ പിന്നീട് കേരളാ കേഡറിലേക്ക് മാറുകയായിരുന്നു. കാശ്മീരിലെ തോക്കിന്‍മുനയില്‍ ഭീകരരെ നേരിട്ടു തോല്‍പ്പിച്ച ആ അനുഭവസമ്പത്തും അതികഠിനമായ നിലപാടുകളുമാണ് ഇപ്പോള്‍ കൊച്ചി നഗരത്തിന്റെ സുരക്ഷയ്ക്ക് ശക്തമായ കവചമൊരുക്കുന്നത്.
കേസിന്റെ അമരക്കാരനായ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്‍ 2021 ബാച്ച് പോലീസ് ഉദ്യോഗസ്ഥനാണ്. മുന്‍പ് വയനാട് ജില്ലാ പോലീസ് മേധാവിയായും കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായും തിളങ്ങിയ ഇദ്ദേഹം കണ്ണൂര്‍ സ്വദേശിയാണ്.
നാലാം ബറ്റാലിയന്‍ കമാന്‍ഡന്റായും തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ച് മികവ് തെളിയിച്ച അരുണ്‍ കെ. പവിത്രന്റെ പോലീസ് ജീവചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അന്വേഷണ നേട്ടമായി കൊച്ചിയിലെ ഈ കേസ് മാറി.
എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 12-ന് പുലര്‍ച്ചെ 2.30-ഓടെയാണ് പെട്രോളൊഴിച്ച് തീയിട്ടത്. നീല കാറിലെത്തിയ പ്രതി, വാഹനത്തില്‍ നിന്നിറങ്ങി പെട്രോളൊഴിച്ച് തീയിട്ട ശേഷം ആ ദൃശ്യം സ്വന്തം മൊബൈലില്‍ പകര്‍ത്തി കടന്നുകളയുകയായിരുന്നു.
യഹൂദ ആരാധനാലയത്തിന് സമീപമുണ്ടായ സംഭവത്തിന്റെ പ്രത്യേക സാഹചര്യവും സുരക്ഷാ പ്രാധാന്യവും മനസ്സിലാക്കിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഉടനടി സംഭവസ്ഥലത്തേക്ക് അയച്ചു.
കേവലമൊരു അക്രമ സംഭവമായി അവഗണിക്കാതെ, അന്താരാഷ്ട്ര തലത്തിലുള്ള ആസൂത്രിത ആക്രമണത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കേസന്വേഷണത്തിന്റെ രൂപരേഖ തയാറാക്കിയത്. കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ മേല്‍നോട്ടം അന്വേഷണത്തിന് വേഗമേകി.
മാര്‍ക്കറ്റിലെ ഭൂരിഭാഗം കടകളിലെയും ക്യാമറകള്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തനരഹിതമായിരുന്നത് തുടക്കത്തില്‍ തിരിച്ചടിയായെങ്കിലും സമീപപ്രദേശങ്ങളിലെ നൂറുകണക്കിന് ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി 150-ഓളം പേരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലായിരുന്നിട്ടും, ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ പ്രതി ഉപയോഗിച്ച നീല കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പോലീസ് വീണ്ടെടുത്തു. തുടര്‍ന്നാണ് വാഹനം പുത്തന്‍കുരിശ് സ്വദേശിയുടേതാണെന്ന് ഉറപ്പിച്ചത്.
പോലീസ് സംഘം പുത്തന്‍കുരിശിലെ വാടകവീട്ടില്‍ ഒളിച്ചിരുന്ന എല്‍ദോ പോള്‍ (എബിന്‍ പോള്‍ – 32) എന്ന പ്രതിയെ സാഹസികമായി വളഞ്ഞുപിടികൂടി. മണിക്കൂറുകള്‍ക്കകം പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞതാണ് നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നശിച്ചുപോകാതെ കാത്തത്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നാടിനെ ഞെട്ടിച്ച വിദേശ ഭീകര ബന്ധങ്ങള്‍ പുറത്തുവന്നത്. വിദേശത്തുള്ള സംഘാടകന്റെ നിര്‍ദേശപ്രകാരമാണ് കൊച്ചിയില്‍ ആക്രമണം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു.
ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ ആക്രമണം നടത്തി വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുക, പ്രതിഫലമായി റോജി കറന്‍സി (ക്രിപ്‌റ്റോകറന്‍സി) വഴി വന്‍തുക കൈപ്പറ്റുക എന്നതായിരുന്നു ഇവരുടെ രീതി. മുന്‍പ് മൂവാറ്റുപുഴയിലെ ഷോറൂമിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലെ തെളിയാത്ത അധ്യായങ്ങളുടെ ചുരുളഴിക്കാനും ഇതിലൂടെ സാധിച്ചു.
പ്രതിയുടെ കേന്ദ്രങ്ങളില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച ലഹരിവസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ഭീകര ശൃംഖലകളുടെ സാന്നിധ്യവും പണമിടപാടുകളും തെളിഞ്ഞതോടെ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തയാറെടുക്കുകയാണ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിയെ പിടി കൂടി രാജ്യദ്രോഹികളുടെ ഭീകര നീക്കത്തെ പരാജയപ്പെടുത്തിയ കൊച്ചി സിറ്റി പോലീസിനെയും ഉദ്യോഗസ്ഥരെയും സംസ്ഥാന പോലീസ് മേധാവിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.





