ജിദ്ദ: സമൂഹത്തിൽ ആരോഗ്യ അവബോധം ഉണ്ടാക്കുന്ന പരിപാടികൾ ശ്ലാഘനീയം – ഇന്ത്യൻ കോൺസൽ ജനറൽ
Kerala

ജിദ്ദ: സമൂഹത്തിൽ ആരോഗ്യ അവബോധം ഉണ്ടാക്കുന്ന പരിപാടികൾ ശ്ലാഘനീയം – ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: പ്രവാസി സമൂഹത്തിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും, ആരോഗ്യ മേഖലയിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാനും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി പറഞ്ഞു.

സ്തനാർബുദ ബോധവൽക്കരണ മാസാചരണ ഭാഗമായി കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ സ്തനാർബുദ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കോൺസൽ ജനറൽ. പത്നി ഫഹ്മിന ഖാത്തൂനുമായി ചേർന്നായിരുന്നു ഉദ്ഘാടന കർമ്മം. ഇന്ത്യൻ കോൺസുലേറ്റും തിരുവനന്തപുരം സ്വദേശി സംഗമം (ടി എസ് എസ്) വനിതാ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം സ്വദേശി സംഗമം പ്രസിഡന്റ് ഷബീർ സുബൈറുദ്ദീൻ അധ്യക്ഷത വഹിച്ചു.

സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ആധുനിക ചികിത്സാരീതികൾ എന്നിവ സംബന്ധിച്ച് വിശദീകരിച്ച ജിദ്ദ കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ലണ്ടനിലെ ഓങ്കോളജിസ്റ്റും പ്രമുഖ കാൻസർ രോഗവിദഗ്ധനുമായ ഡോ. ഇക്ബാൽ ഹുസൈൻ പരിപാടിക്ക് നേതൃത്വം നൽകി.

ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ ഡോ. ഇന്ദു ചന്ദ്രശേഖരൻ, ഡോ. ഷമീ ഷബീർ എന്നിവരും ബോധവൽക്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. സ്ത്രീകൾക്കിടയിൽ നടക്കേണ്ട ആരോഗ്യപരമായ അവബോധം, കൃത്യമായ ഇടവേളകളിൽ നടത്തേണ്ട പരിശോധനകൾ, സ്വയം നടത്തിക്കൊണ്ടിരിക്കേണ്ട പരിശോധനകൾ എന്നിവ സംബന്ധിച്ചും ഡോക്ടർമാർ വിശദീകരിച്ചു.

സംഘാടകർക്ക് പുറമേ ജിദ്ദയിലെ വിവിധ ഇന്ത്യൻ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും അടക്കം വലിയൊരു സദസ്സ് പരിപാടിയിൽ പങ്കെടുത്തു. സദസ്സിന് വലിയ ആത്മവിശ്വാസവും പ്രചോദനവും പകർന്നു കൊണ്ട്, കാൻസർ അതിജീവിച്ച പ്യാരി ടീച്ചർ തന്റെ ജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.

ഫിനോം അക്കാദമി അവതരിപ്പിച്ച കാൻസർ ബോധവൽക്കരണ സ്കിറ്റ് പരിപാടിയുടെ മറ്റൊരു ആകർഷണമായി. ആമിന ബിജു, മിൻസ ഫാത്തിമ, അസ്ന ബിജു എന്നിവർ പരിപാടി അവതരിപ്പിച്ചു.

ടി.എസ്.എസ്. വനിതാ വിഭാഗം കൺവീനർ ഷൈമ നജീബ് സ്വാഗതവും ജോയിന്റ് കൺവീനർ നസ്സി ഫൈനൂസ് നന്ദിയും രേഖപ്പെടുത്തി.

 

04/11/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav