ബീമാപള്ളി ഉറൂസ് അവലോകന യോഗം
Kerala

ബീമാപള്ളി ഉറൂസ് അവലോകന യോഗം

ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. ബീമാപള്ളി ജമാഅത്തെ കോൺഫറൻസ് ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നവംബർ 11 മുതൽ 21 വരെയാണ് ഈ വർഷത്തെ ഉറൂസ് മഹോത്സവം നടക്കുന്നത്. ഉറൂസിനോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളും തീർത്ഥാടകരും എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

ക്രമസമാധാന പാലനത്തിനായി 10 ദിവസവും പൊലീസ് പിക്കറ്റിംഗും നിരീക്ഷണവും ഉറപ്പാക്കും. ഇതിനായി കൂടുതൽ പൊലീസിനെയും വോളന്റിയർമാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. ഗതാഗത സൗകര്യത്തിനായി തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി 20 ഓളം പ്രത്യേക സർവീസുകൾ നടത്തുമെന്നും സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാക്കും. കോർപ്പറേഷന്റെ നേതൃത്വത്തിൽ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 25 ഓളം തൊഴിലാളികളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് വിഭാഗവും വാട്ടർ അതോറിറ്റിയും ചേർന്ന് പരിശോധനകൾ ശക്തമാക്കും.
തീരദേശ സുരക്ഷയുടെ ഭാഗമായി കടലിൽ ഇറങ്ങുന്നത് അപകടകരമായതിനാൽ തീരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്‌സിന്റെ റെസ്ക്യൂ ടീമിനെയും തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളെയും സ്ഥലത്ത് വിന്യസിക്കാൻ തീരുമാനമായി.

തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് പ്രദേശത്തെ ലൈനുകളുടെയും തെരുവ് വിളക്കുകളുടെയും മെയ്ന്റനൻസ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനുപുറമെ, ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം കൃത്യമായി പരിശോധിക്കാൻ മന്ത്രി പ്രത്യേകം നിർദ്ദേശം നൽകി.

മേഖലയിലെ അനധികൃത കയ്യേറ്റങ്ങളും ഉപയോഗശൂന്യമായി കിടക്കുന്ന നിർമ്മാണങ്ങളും നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഈ വർഷത്തെ ഉറൂസ് മഹോത്സവം കുറ്റമറ്റ രീതിയിൽ വിജയിപ്പിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ ജില്ലാ കളക്ടർ അഞ്ജു കെ.എസ്., കെ.എസ്.ആർ.ടി.സി. എം.ഡി. പ്രമോജ്ശങ്കർ, ശംഖുമുഖം എ.സി.പി. സജിമോൻ, ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എ.എം. ഇക്ബാൽ, ജനറൽ സെക്രട്ടറി എച്ച്. ബാദുഷ, സെക്രട്ടറി നവാസ് ഖാൻ എ., വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

04/11/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav