മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: മന്ത്രി റോജി എം. ജോൺ  ജില്ലാ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം
Uncategorized

മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: മന്ത്രി റോജി എം. ജോൺ ജില്ലാ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയുമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ വിപ്ലവങ്ങൾ നടന്നപ്പോൾ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിലധിഷ്ഠിതമായ സമരമുറയിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1947 ഓഗസ്റ്റ് 15 കേവലം ഒരു രാഷ്ട്രീയ സ്വാതന്ത്ര്യ ദിനം മാത്രമല്ല. ഇന്ത്യ എന്ന ആശയത്തെയും അതിന്റെ ബഹുസ്വരതയെയും ഉയർത്തിപ്പിടിച്ച ദിനമാണത്. അർദ്ധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായിരുന്നുവെന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓരോ ഭാരതീയനും ഉണർവിന്റെ സന്ദേശമാണ് നൽകുന്നത്. ഡോ. ബി. ആർ. അംബേദ്കർ സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഓരോ പൗരനും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം കൂടി ഉറപ്പുവരുത്തുമ്പോഴേ സ്വാതന്ത്ര്യം പൂർണ്ണമാകൂ.

സംസാരിക്കാനും ചിന്തിക്കാനും അഭിപ്രായം രേഖപ്പെടുത്താനും വ്യത്യസ്ത നിലപാടുകൾ പുലർത്താനുമുള്ള സ്വാതന്ത്ര്യമാണ് ഭാരതീയർ ആഗ്രഹിക്കുന്നത്. ജാതി, മതം, വർഗ്ഗം, ഭാഷ, വർണ്ണം എന്നിവയുടെ പേരിലുള്ള എല്ലാത്തരം വിവേചനങ്ങളിൽ നിന്നും മുക്തമായ ഒരു സമൂഹമാണ് രാജ്യം കെട്ടിപ്പടുക്കേണ്ടത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിലപാടുകൾക്കല്ല, മറിച്ച് എല്ലാവരെയും ചേർത്തുനിർത്തുന്ന ദേശീയതയ്ക്കാണ് വർത്തമാനകാല ഇന്ത്യയിൽ പ്രസക്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വൈവിധ്യങ്ങൾ ഏറെയുള്ള ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു ശേഷം ജനാധിപത്യം അധികകാലം നിലനിൽക്കില്ല എന്ന് വിധിയെഴുതിയ വിദേശ ശക്തികൾക്ക് മുൻപിൽ, പ്രതിസന്ധികളെല്ലാം അതിജീവിച്ച് ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കാൻ നമുക്ക് സാധിച്ചു. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി രാജ്യം കൈവരിച്ച നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും സന്ദേശവും ശിരസ്സാവഹിച്ചുകൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി
പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ 8.40 ന് പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകൾ ബേസ് ലൈനിൽ അണിനിരന്നു. തുട൪ന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ സുദർശനൻ, സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ജില്ലാ കളക്ട൪ ജി. പ്രിയങ്ക എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു.

ഒമ്പതു മണിക്ക് മന്ത്രി റോജി എം. ജോൺ ദേശീയ പതാക ഉയർത്തി ജില്ലയുടെ സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രധാന കമാൻഡർമാരായ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഐ.ഒ.പി. വിപിൻ ദാസും സെക്കൻഡ് ഇൻ കമാൻഡർ ആർ. എസ് സുനിൽകുമാറും പരേഡ് നയിച്ചു. തുടർന്ന് വിവിധ പ്ലറ്റൂണുകളുടെ മാർച്ച് പാസ്റ്റിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ആംഡ് പ്ലാറ്റൂണുകളിൽ എറണാകുളം റൂറൽ മെൻ, എറണാകുളം സിറ്റി ലോക്കൽ മെൻ, എറണാകുളം സിറ്റി വുമൺ, ഡി.എച്ച്.ക്യു കൊച്ചി സിറ്റി, കെ.എ.പി 1 ബറ്റാലിയൻ, എറണാകുളം റൂറൽ വുമൺ, കേരള എക്സൈസ്, സീ കേഡറ്റ് കോർപ്സ് (സീനിയർ – ആംസ്) തുടങ്ങിയവർ പങ്കെടുത്തു.

അൺ ആംഡ് പ്ലാറ്റൂണുകളിൽ
കേരള ഫയർ ആൻഡ് റെസ്ക്യൂ , സെൽഫ് ഡിഫൻസ് ഫയർ ആൻഡ് റെസ്ക്യൂ , ടീം കേരള, എൻ.സി.സി 21 കേരള ബറ്റാലിയൻ, എൻ.സി.സി ശ്രീ ശാരദ വിദ്യാലയ, സീ കേഡറ്റ് ജൂനിയർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ റൂറൽ ഗേൾസ് സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്.എസ്, സിറ്റി ഗേൾസ് ഗവ. എച്ച്.എസ് തൃപ്പൂണിത്തുറ, റൂറൽ ബോയ്സ് മോഡൽ റസിഡൻഷ്യൽ സ്കൂൾ, ആലുവ, സിറ്റി റൂറൽ ബോയ്സ് വി.എച്ച്.എസ്.എസ് ഇരുമ്പനം, ശ്രീ ശാരദ സൈനിക് സ്കൂൾ ഗേൾസ്, ബോയ്സ്, ശ്രീ ശാരദ വിദ്യാലയ സ്കൗട്ട് ബോയ്സ് , ഗൈഡ് ഗേൾസ് , ഭവൻസ് മുൻഷി വിദ്യാശ്രമം, ബത്‌ലഹേം ദയറ എച്ച്.എസ് ഞാറല്ലൂർ, സെന്റ് ജോസഫ് ഇ.എം.എച്ച്.എസ് തൃക്കാക്കര റെഡ് ക്രോസ്, എന്നിവർ പങ്കെടുത്തു.
സീ കേഡറ്റ് ബാൻഡ് ടീം , സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (ഒ.എൽ.സി.ജി.എച്ച്.എസ് പള്ളുരുത്തി), ശ്രീ ശാരദ സൈനിക് സ്കൂൾ, തൃക്കാക്കര സെന്റ് ജോസഫ് ഇ.എം.എച്ച്.എസും ആയിരുന്നു ബാൻഡ് ടീമുകൾ.

സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ ദേശഭക്തിഗാനവും, സീ കേഡറ്റ് കോർപ്സിന്റെ ഹോൺ പൈപ്പ് ഡാൻസും പരേഡിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ചടങ്ങിൽ ഉമാ തോമസ് എം എൽ എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, എറണാകുളം റൂറൽ എസ്പി അശ്വതി ജിജി, അസിസ്റ്റൻ്റ് കളക്‌ടർ അസിസ്‌റ്റൻ്റ് ഹൃത്വിക് രഞ്ജൻ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

15/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav