മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
Kerala

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

കൊച്ചി രാമന്‍തുരുത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജി.എസ്.ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ചര്‍ച്ചയിലൂടെ വേഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

ഓണത്തോട് അനുബന്ധിച്ച് ക്ഷേമ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. ക്ഷേമ പെന്‍ഷന്‍ ഇന്നു മുതല്‍ (19.08.2026) വിതരണം ചെയ്യും. ഇതിനായി 1,105 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു മാസവും പെന്‍ഷന്‍ മുടങ്ങരുത് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. സാമൂഹ്യ സുരക്ഷാ പെന്‍ഷനിലെ 59 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6.59 ലക്ഷം പേര്‍ക്ക് 130.32 കോടി രൂപയും അനുവദിച്ചു. ദേശീയ സാമൂഹ്യ സഹായ പദ്ധതി വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ക്കായി 630.05 കോടി രൂപ നീക്കിവെച്ചു. അംഗന്‍വാടി പെന്‍ഷന്‍കാരുടെ ജൂലൈ 31 വരെയുള്ള മുഴുവന്‍ കുടിശികയും തീര്‍പ്പാക്കാന്‍ 24 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,500 രൂപ ബോണസും, 20,000 രൂപ ഓണം അഡ്വാന്‍സും, ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ ഉത്സവബത്തയും ആനുവദിക്കും. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് 6,000 രൂപ അഡ്വാന്‍സും, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ബോണസും, ആശ-അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് 1,450 രൂപ ഉത്സവബത്തയും നല്‍കും.

പിന്നോക്ക വിഭാഗ സ്‌കോളര്‍ഷിപ്പ് കുടിശിക തീര്‍പ്പാക്കാന്‍ 310 കോടി രൂപയും, ആരോഗ്യകിരണം ഉള്‍പ്പെടെയുള്ള പദ്ധതികളിലെ അടിയന്തര ബാധ്യതകള്‍ക്ക് 200 കോടി രൂപയും അനുവദിച്ചു. സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പി.ആര്‍.എസ് കുടിശിക തീര്‍ക്കാന്‍ 150 കോടി രൂപ നല്‍കി. സപ്ലൈകോയ്ക്ക് സബ്‌സിഡി ഇനത്തില്‍ 53 കോടി രൂപ മുന്‍കൂറായി നല്‍കിയതിനൊപ്പം കണ്‍സ്യൂമര്‍ഫെഡിന് 25 കോടി രൂപയും അനുവദിച്ചു.

തൊഴിലുറപ്പ് മേഖലയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം കുടുംബങ്ങള്‍ക്ക് 1,200 രൂപ വീതം നല്‍കാന്‍ 44.24 കോടി രൂപയും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 7,080 പേര്‍ക്ക് 1,200 രൂപ വീതം അനുവദിക്കാന്‍ 85 ലക്ഷം രൂപയും ഉള്‍പ്പെടെ 45.09 കോടി അനുവദിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ച തുക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ 44 കോടി രൂപയും ലോട്ടറി ക്ഷേമനിധിയിലേക്ക് 26.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള ധനസഹായത്തിനായും പുനരധിവാസവുമായി ബന്ധപ്പെട്ടും 14.40 കോടി രൂപയും, 60 വയസ്സിന് മുകളിലുള്ള 52,826 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഓണക്കോടിക്കായി 5.28 കോടി രൂപയും വകയിരുത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കരാര്‍ ജീവനക്കാരുടെ ശമ്പള കുടിശികയ്ക്ക് 1.5 കോടി രൂപയും, പൂട്ടിപ്പോയ തോട്ടങ്ങളിലെ തൊഴിലാളികളുടെ ആശ്വാസത്തിന് 20-21 ലക്ഷം രൂപയും അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയിലെ പ്രതിമാസ സഹായം 600 രൂപയില്‍ നിന്ന് 1,000 രൂപയാക്കി ഉയര്‍ത്തുകയും, കൈത്തറി യൂണിഫോം പദ്ധതിക്കായി നെയ്ത്തുകൂലി ഉള്‍പ്പെടെ 30 കോടി രൂപ അനുവദിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ ബാധ്യതകളെല്ലാം സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ്.

ഓണക്കിറ്റ് വിതരണം കാര്യക്ഷമമല്ലെന്ന പ്രചരണം തെറ്റാണ്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. ഇന്നു ഉച്ചയ്ക്ക് രണ്ടര വരെയുള്ള കണക്കനുസരിച്ചുള്ള വിവരങ്ങള്‍ പറയാം. റേഷന്‍ കടകളില്‍ എത്തിക്കാന്‍ തയാറാക്കിയിരിക്കുന്ന ആകെ കിറ്റുകളുടെ എണ്ണം 6,02,609. യഥാര്‍ഥത്തില്‍ 5.93 ലക്ഷം കിറ്റുകളാണ് ആവശ്യമുള്ളത്. എന്നാല്‍ കരുതല്‍ എന്ന നിലയ്ക്ക് ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ റേഷന്‍ കടകളിലെത്തിച്ചത് 3,06,092 കിറ്റുകളാണ്. അതായത് ആകെ കിറ്റുകളുടെ പകുതിയിലധികം കിറ്റുകള്‍ റേഷന്‍ കടകല്‍ വിതരണത്തിനെത്തിയിട്ടുണ്ട്. 75,885 കാര്‍ഡുടമകള്‍ ഇതിനോടകം കിറ്റ് കൈപ്പറ്റി. ഓരോ ജില്ല തിരിച്ചുള്ള കണക്കുകള്‍ കൈവശമുണ്ട്. അപ്പോഴാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നില്ല എന്ന കുപ്രചരണം വ്യാപകമാകുന്നത്. ഇതാണ് കിറ്റ് വിതരണം ചെയ്യേണ്ട സമയം. കഴിഞ്ഞ ദിവസം അത്തം തുടങ്ങി ഓണാഘോഷം തുടങ്ങിയതേയുള്ളൂ. കൃത്യസമയത്ത് തന്നെ ഓണക്കിറ്റുകളുടെ വിതരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കും.

മാവേലി സ്റ്റോറുകളില്‍ 13 അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിലക്കയറ്റം കൂടാതെ ഇവ സപ്ലൈകോയുടെ മുഴുവന്‍ വില്‍പ്പനശാലകളിലും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. പണ്ട് പല വില്‍പ്പനശാലകളിലും ഓണക്കാലത്ത് ഷെല്‍ഫുകള്‍ ഒഴിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പല മാധ്യമങ്ങളിലും വന്നിട്ടുള്ളതാണ്. അവശ്യവസ്തുക്കള്‍ ഇല്ലാത്തതിന്റെ പേരില്‍ സപ്ലൈകോയുടെ ഓണം ഫെയര്‍ തന്നെ പലയിടത്തും വേണ്ടെന്നു വച്ചു. എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ ഉദ്ഘാടനം ബഹിഷ്‌കരിച്ചു പോകുന്ന സംഭവങ്ങളുണ്ടായി. ഇപ്പോള്‍ അത്തരമൊരു സ്ഥിതി സംസ്ഥാനത്ത് ഒരിടത്തുമില്ല. ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവരപ്പരിപ്പ് തുടങ്ങിയ പത്ത് അവശ്യഇനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ സബ്സിഡി നിരക്കിലാണ് വില്‍ക്കുന്നത്. ശബരി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. സപ്ലൈകോ വഴി വില്‍പ്പന നടത്തുന്ന ശബരി വെളിച്ചെണ്ണയുടെ വില ലീറ്ററിന് 249 രൂപയില്‍ നിന്ന് 20 രൂപ കുറച്ച് 229 രൂപയാക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരുമിച്ച് വാങ്ങാനും അവസരമുണ്ട്.

കേരളത്തില്‍ നിന്നുള്ള സുഗന്ധദ്രവ്യങ്ങള്‍, നമ്മുടെ കാര്‍ഷിക ഉത്പന്നങ്ങള്‍, കേരളത്തിലുണ്ടാക്കുന്ന പ്രൊഡക്ടുകള്‍ എല്ലാ പകുതി ചെലവിലും പകുതി സമയത്തും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ പറ്റാവുന്ന ഒരു സാഹചര്യമാണ് നമുക്ക് ഇന്ന്് വിഴിഞ്ഞം തുറമുഖത്ത് ഉണ്ടായിരിക്കുന്നത്. ഇത് നമുക്ക് പരമാവധി പ്രയോജനപ്പെടുത്തണം. മാത്രമല്ല ഇതൊരു ഗേറ്റ്വേയാണ്, ഇന്റര്‍നാഷണല്‍ റൂട്ടിലാണ്. കൊച്ചി പോര്‍ട്ടിനെയും ബാക്കിയുള്ള പതിനെട്ട് മിനി പോര്‍ട്ടുകളെയും കണ്ക്ട് ചെയ്ത് മുഴുവന്‍ കേരളത്തെയും ഒരു തുറമുഖ നഗരമാക്കാനുള്ള ഈ സര്‍ക്കാരിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനുളള മിഷന്‍ സമുദ്രയ്ക്കും ഇന്ന് തുടക്കമായി. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വിഴിഞ്ഞത്തെ ചടങ്ങില്‍ എത്താമെന്ന് സമ്മതിച്ചതാണ്. അദ്ദഹത്തിന് ഔദ്യോഗികമായിട്ടുള്ള അടിയന്തരസാഹചര്യം വേണ്ടി വന്നതിനാലാണ് വരാന്‍ കഴിയാത്തത്. പ്രതിപക്ഷം എന്ത് കൊണ്ടാണ് പങ്കെടുക്കാത്തതെന്ന്് അവരോട്് ചോദിക്കണം.

ദേശീയപാത നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഞാന്‍ തന്നെ പങ്കെടുത്ത ദേശീയപാത അതോറിറ്റിയുടെ ആളുകളുമായിട്ടുള്ള ചര്‍ച്ചകള്‍ നടന്നു. വിശദമായ ചര്‍ച്ചകളില്‍ ഒരോ സെക്ടറിനെ കുറിച്ചുളള ചര്‍ച്ചകള്‍ നടത്തി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നും നാളെയുമായിട്ട് ആ ചര്‍ച്ചകള്‍ തുടരും. ഏറ്റവും സ്ലോ ആയ റീച്ചുകളുടെ മുഴുവന്‍ കണക്കുകള്‍ എടുത്തു. പ്രശ്നങ്ങളുള്ള റീച്ചുകള്‍, പരാതികള്‍ ഉള്ള റീച്ചുകള്‍ എന്നിവയുടെ കണക്കുകളും എടുത്ത് അവര്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഞാന്‍ കൂടി പങ്കെടുത്ത സുദീര്‍ഘമായ ഒരു യോഗം നടന്നു. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്. എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ തീര്‍ച്ചയായിട്ടും സ്വീകരിക്കും.

ഒരു ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ ലോക്ഭവനിലേക്ക് വിളിക്കുന്ന നിലപാടിനെ നേരത്തെ തന്നെ എതിര്‍ത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അതിശക്തമായ നിലപാട് ഞങ്ങള്‍ പണ്ട് മുതലേ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിളിക്കുന്നത് ശരിയല്ല, ഗവണ്‍മെന്റ് വഴിയാണ് ഒരു ഉദ്യോഗസ്ഥനെ വിളിപ്പിക്കേണ്ടത്. അത് യു.ഡി. എഫ് നിലപാടാണ്. 2018 ഒക്ടോബറില്‍ ജസ്റ്റിസ് സദാശിവം ഗവര്‍ണറായിരുന്നപ്പോള്‍ അന്നത്തെ ഡിജി.പി ലോകനാഥ് ബഹ്റയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന്് രാജ്ഭവനാണ് ലോക്ഭവന്‍ അല്ല. 2023 ഡിസംബറില്‍ ഗവര്‍ണറുടെ കാറിന് നേരെ എസ്. എഫ്. ഐക്കാര്‍ അക്രമം അഴിച്ചു വിട്ടതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. ഐ.പി.സി 124 വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ നിര്‍ദേശം കൊടുത്തു. ഈ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ വിവാദമായ മലപ്പുറം പ്രസംഗത്തിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ 2024 ഒക്ടോബര്‍ 7ന് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിച്ചിരുന്നു. അതിന്റെയൊക്കെ വാര്‍ത്തകള്‍ എന്റെ കൈയിലുണ്ട്. ഓര്‍മ്മപ്പെടുത്താന്‍ പറഞ്ഞതാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോള്‍ ഞാന്‍ തന്നെ വിചാരിച്ചു ഇത് ആദ്യമായിട്ടാണ് ഒരു ഉദ്യോഗസ്ഥനെ ലോകഭവനിലേക്ക് വിളിപ്പിക്കുന്നത് എന്നാണ്. ഇത് ആദ്യമായിട്ടല്ല. നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നും പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും എതിര്‍ക്കും. പ്രതിപ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി. എഫിന്റെ രാഷ്ട്രീയമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാരും ശക്തമായി എതിര്‍ക്കും.

മെസി വിവാദത്തില്‍ കായിക വകുപ്പ് സെക്രട്ടറിയുടെ പരാതിയുമായി ബന്ധപ്പെട്ട പരിശോധന പൂര്‍ത്തിയായി. തീരുമാനം ഉടനുണ്ടാകും. കായികവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് റെക്കമെന്റ് ചെയ്ത് അത് ബന്ധപ്പെട്ട വകുപ്പിന് അയച്ച് കൊടുക്കും. ജി.എസ്.ടി വകുപ്പ് അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ തന്നെ ജി.എസ്.ടി തട്ടിപ്പ് നടന്നുവെന്ന് പ്രാഥമികമായി പറഞ്ഞതാണ്. ഇക്കാര്യം അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് കണ്ടെത്തിയത്. അവര്‍ നോട്ടീസ് നല്‍കിയതുമാണ്. എന്നാല്‍ പിന്നീട് ആ അന്വേഷണം മരവിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതും സ്പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. അതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും. കാരണം 22 കോടിയിലധികം രൂപ ജി. എസ്.ടി ഇനത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് നഷ്ടമായിട്ടുണ്ട്. ജി. എസ്.ടിയുടെ അന്വേഷണം നടക്കുന്നതിനാല്‍ മറ്റ്് അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

സ്ഥലം മാറ്റത്തിന്റെ പേരില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി അറിയില്ല. ഈ സംഭവത്തില്‍ ഒരാളെ സ്ഥലം മാറ്റിയത് മേയ്് 12 നാണ് ഞങ്ങള്‍ അധികാരത്തില്‍ വരുന്നത് 18 നാണ്. രണ്ടാമത്തെയാളെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മുകള്‍ നിലയിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്്. മരണകാരണത്തെ കുറിച്ച്് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാനില്ല. ട്രാന്‍സ്ഫര്‍ കേരളത്തില്‍ ആദ്യമായിട്ട് നടക്കുന്നതല്ല. ക്രൂരമായ തരത്തിലുള്ള ട്രാന്‍സ്ഫറാണ് കഴിഞ്ഞ പത്തുവര്‍ഷം എല്‍.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്. ഭാര്യയെ കാസര്‍കോട്ടേക്കും ഭര്‍ത്തത്താവിനെ തിരുവനന്തപുരത്തേക്കും ട്രാന്‍സ്ഫര്‍ ചെയ്ത് കുടുംബത്തെ തന്നെ തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയമായി ഇടപെട്ട് സ്ഥലംമാറ്റം നടത്തിയ നിരവധി സംഭവങ്ങളുണ്ട്. ഇവിടെ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ട്രാന്‍സ്ഫറൊക്കെ ഉണ്ടാകും. സ്ഥലം മാറ്റത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണ്.

കോര്‍പ്പറേഷന്‍ ബോര്‍ഡ് അധ്യക്ഷന്‍മാരുടെ നിയമനം വൈകിയിട്ടില്ല. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് എന്നാണ് ഇതെല്ലാം പൂര്‍ത്തിയായത്്. ഞങ്ങള്‍ യു.ഡി.എഫ് ഘടകക്ഷികള്‍ ചര്‍ച്ച ചെയ്ത് തീ്രുമാനിക്കും. പ്രളയം വന്നതു കൊണ്ട് പത്ത് ദിവസം ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ചര്‍ച്ച പുനരാരംഭിച്ചു. ഓണം കഴിയുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും.

ഒരു തരത്തിലുമുള്ള പോസ്റ്റും നീക്കം ചെയ്യുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ പോലീസിന്റെ ഭാഗത്ത് നിന്നോ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ല. ഇത് ഇന്ത്യയില്‍ മുഴുവനും നടക്കുന്നുണ്ട്. ആദ്യം എനിക്കെതിരെയായിരുന്നു പ്രചരണം, ഞാന്‍ പറഞ്ഞിട്ട് നീക്കിയെന്നായിരുന്നു ആരോപണം. എന്തൊരു വില കുറഞ്ഞ പ്രചരണമാണ് കേരളത്തില്‍ നടത്തിയത്. ലീഗല്‍ റിക്വയര്‍മെന്റ് മെറ്റയുടെ അല്‍ഗോരിതം അനുസരിച്ചാണ്. അതില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ല. നിങ്ങള്‍ തോന്നിയതു പോലെ വാഖ്യാനിക്കുകയാണ്. ആദ്യം ഞാന്‍ പറഞ്ഞുവെന്നായിരുന്നു. അത് നിങ്ങള്‍ തന്നെ ഇട്ടിട്ട് ഓടി. നിങ്ങള്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ ആ കൂടെ നില്‍ക്കും. സര്‍ക്കാര്‍ അല്ല അഗ്രീവ്ഡ് പാര്‍ട്ടി. എനിക്കെതിരെ ഇട്ടിരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് എതിരെ നിങ്ങള്‍ പരാതി നല്‍കിയാല്‍ നിങ്ങളുടെ കൂടെ ഈ സര്‍ക്കാര്‍ നില്‍ക്കും. രാജ്യത്തൊരു സര്‍ക്കാരും ഇങ്ങനെയൊരു നിലപാട് എടുത്തിട്ടില്ല.

ഓഹരി വില്‍പ്പന സംബന്ധിച്ച് അദാനി ഗ്രൂപ്പിനെ നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. അത് പരസ്യമായി പത്രസമ്മേളനം നടത്തി പറഞ്ഞിട്ടുമുണ്ട്. പിറ്റേദവസം തന്നെ മാപ്പ് പറഞ്ഞ് അവര്‍ കത്ത് നല്‍കിയിരുന്നു. മനപ്പൂര്‍വമായി ചെയ്തതല്ല, അവര്‍ ഗുജറാത്തില്‍ ചെയ്തത് പോലെ സെബിയെ സമീപിച്ചതാണ് എന്നാണ് അറിയിച്ചത്. പോര്‍ട്ടിന്റെ ഉടമസ്ഥനായ സര്‍ക്കാരിനെ അറിയിക്കാത സെബിക്ക് കത്ത് നല്‍കിയതിലാണ് അതൃപ്തി അറയിച്ചത്. അവര്‍ നല്‍കിയ കത്തുണ്ട്.

കേരളത്തിലെ ഒരു ജാതിമത സംഘടനകളോ ഒരു പ്രസ്ഥാനമോ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല. ഒരു പാട് ആരോപണങ്ങളാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഒരു വശത്ത് ലീഗിനും ജമാഅത്തെ ഇസ്്ലാമിക്കും കീഴടങ്ങിയെന്നാണ്. മറ്റൊരു വശത്ത് ബിജെപിക്ക് കീഴടങ്ങിയെന്നാണ് പറയുന്നത്. ഒരാള്‍ക്കും കീഴടങ്ങുന്ന സര്‍ക്കാരല്ല. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങുന്ന സര്‍ക്കാരല്ല.

18/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav