ആഘോഷ രാവിന് ദൃശ്യവിരുന്നൊരുക്കി പരുന്തിന്റെ ചിറകടിയും സീത കളിയും
Kerala

ആഘോഷ രാവിന് ദൃശ്യവിരുന്നൊരുക്കി പരുന്തിന്റെ ചിറകടിയും സീത കളിയും

ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ആറാം ദിനത്തിലും കനകക്കുന്നിലെ വിവിധ വേദികളിൽ നാടൻ, പാരമ്പര്യ കലാരൂപങ്ങളുടെ ദൃശ്യവിസ്മയമൊരുങ്ങി. സോപാനം വേദിയിൽ പന്തളം കൃഷ്‌ണകൃപയിൽ കുട്ടികൃഷ്ണനും സംഘവും അവതരിപ്പിച്ച പരുന്താട്ടം കാണികളെ ഏറെ ആകർഷിച്ചു. പരുന്തിന്റെ രൂപത്തിലുള്ള പ്രത്യേക വേഷവും വലിയ ചിറകുകളും ധരിച്ചാണ് കലാകാരന്മാർ രംഗപ്രവേശം ചെയ്തത്.

കൊല്ലം സീതകളി അക്കാദമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സീതകളി സ്ത്രീപ്രാധാന്യം കൊണ്ട് ശ്രദ്ധേയമായപ്പോൾ, സിനി സോമനാഥിന്റെ സീത എന്ന കഥാപാത്രം സദസ്സിന്റെ മനസ്സ് കവർന്നു. രാമായണത്തിലെ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള ഭാഗവും സീതയുടെ അന്തർധാനവുമാണ് സീതകളിയിൽ പ്രമേയമായത്.

ഒരുകാലത്ത് ക്ഷേത്രങ്ങളിലും തറവാടുകളിലും മാത്രം അവതരിപ്പിച്ചിരുന്ന അനുഷ്‌ഠാന, പാരമ്പര്യ കലാരൂപമായ ബലിക്കള തിരുവരങ്ങ് വേദിയിൽ അവതരിപ്പിച്ചത് ആസ്വാദകർക്ക് നവ്യാനുഭവമായി. വടകര നാടൻ കലാ ഗവേഷണ കേന്ദ്രത്തിന്റെ
നേതൃത്വത്തിൽ കളമെഴുതാതെ നടത്തിയ കലാരൂപം, സദസിലെ ചെറിയ കുട്ടികളെയും പരിപാടിയിൽ പങ്കാളികളാക്കി.

കൈരളി കലാവേദി അവതരിപ്പിച്ച വിൽപ്പാട്ട്, ആലപ്പുഴ ഇശൽ എഫ്.എമ്മിന്റെ ഒപ്പന, ചുള്ളിമാനൂർ ഗുരുകൃപ ഫോക്ക് ആർട്സിന്റെ കാക്കാരിശ്ശി നാടകം എന്നിവയും ജനശ്രദ്ധ നേടി. കനകക്കുന്ന് അകത്തളത്തിൽ ‘ലവണാസുരവധം’ കഥകളിയും മാർഗ്ഗി സജീവ് നാരായണ ചാക്യാരുടെ ചാക്യാർകൂത്തും അരങ്ങേറി.

നിശാഗന്ധിയിൽ ‘സംസ്കാര സാഹിതി – ഹാർമണി ഓഫ് കേരള’ അവതരിപ്പിച്ച ഫോക്ക് ഫ്യൂഷൻ കാണികൾക്ക് വർണ്ണക്കാഴ്ച സമ്മാനിച്ചു. പൊയ്ക്കാൽ മയിലാട്ടം, കഥകളി, തെയ്യം തിറ , പടയണി കരിങ്കാളി, ഗരുഢൻപറവ, ശീതങ്കൻ തുള്ളൽ, മോഹിനിയാട്ടം, ഓണത്താർ, മന്നാംകൂത്ത്, പളിയ നൃത്തം, ചവിട്ടുനാടകം, അറബനമുട്ട്, തുടങ്ങി 30 ലേറെ കലാരൂപങ്ങളാണ് 150ഓളം കലാകാരന്മാർ ചേർന്ന് ഒറ്റ വേദിയിൽ അണിനിരത്തിയത്.

സൂര്യകാന്തിയിൽ അലോഷ്യസ് പെരേര, രാധിക ടീമിന്റെ ഗാനമേളയും, സെൻട്രൽ സ്റ്റേഡിയത്തിൽ ‘ഓണം ആർപ്പോ’ ഷോയും നടന്നു. പൂജപ്പുര മൈതാനത്ത് കൈതപ്രം ദാമോദരൻ നമ്പൂതിരി നയിച്ച ‘ദേവസഭാതലം’ മ്യൂസിക് നൈറ്റ് നിറഞ്ഞ സദസ്സിന്റെ കൈയ്യടി ഏറ്റുവാങ്ങി.

*ജാനകിയമ്മയ്ക്ക് സംഗീതാർച്ചന*

അന്തരിച്ച പിന്നണി ഗായിക എസ്. ജാനകിയുടെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലിയുമായി നിശാഗന്ധി വേദിയിൽ പ്രശസ്ത സംഗീത സംവിധായകൻ ശരത് നേതൃത്വം നൽകിയ ‘രാഗേന്ദു’ മ്യൂസിക്കൽ ഷോ അരങ്ങേറി. ജാനകിയമ്മയുടെ അനശ്വര ഗാനങ്ങളും ഓണം വൈബ് പാട്ടുകളും കോർത്തിണക്കിയ സംഗീതസന്ധ്യ കാണികൾക്ക് അപൂർവ്വ ദൃശ്യശ്രവ്യാനുഭവമായി.
‘തളിരിട്ട കിനാക്കൾതൻ താമരമാല വാങ്ങാൻ…’ എന്ന ഗാനവുമായി ശ്രുതി ശിവദാസും, ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ…’ എന്ന ഗാനവുമായി ആൻ ബെൻസണും ചേർന്ന് സംഗീതനിശയ്ക്ക് തുടക്കമേകി. തുടർന്ന് അപൂർവ്വ സംഗീത വാദ്യോപകരണമായ ചന്ദ്രവീണയിൽ ശ്രുതിമീട്ടി ഉത്തരയും തിളങ്ങി. പ്രശസ്ത ഗായകൻ മഹാരാജപുരം രാമു ആലപിച്ച ‘മലരേ മൗനമാ…’ എന്ന ഗാനവും, തെന്നിന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയഗാനമായ ‘കൺമണി അൻപൊട് കാതലൻ…’ തുടങ്ങിയ നിരവധിയായ പ്രശസ്ത ഗാനങ്ങളും നിശാഗന്ധിയെ സംഗീതസാന്ദ്രമാക്കി.
സംഗീതത്തോടൊപ്പം കാണികൾക്കായി ഒരുക്കിയ പ്രത്യേക സമ്മാന മത്സരങ്ങളും പരിപാടിയെ വേറിട്ടതാക്കി. ടൂറിസം, സാംസ്‌കാരികം സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എം വിൻസൻ്റ് എം എൽ എ ഉൾപ്പെടെയുള്ളവർ കലാപരിപാടികൾ ആസ്വദിക്കാനെത്തിയിരുന്നു

Screenshot

 

30/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav