
നാ ട്രാങ് (വിയറ്റ്നാം), സെപ്റ്റംബർ 6:* ലോക സൗന്ദര്യ മത്സരങ്ങളിലെ ഏറ്റവും വലിയ വേദിയായ മിസ് വേൾഡ് 2026 പട്ടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹൈറി മോള (Joheirry Mola) സ്വന്തമാക്കി.
വിയറ്റ്നാമിലെ നാ ട്രാങ്ങിൽ നടന്ന 73-ാമത് മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെയിൽ 110 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് 24-കാരിയായ ജോഹൈറി ലോക കിരീടം ചൂടിയത്. നിലവിലെ മിസ് വേൾഡ് തായ്ലൻഡിന്റെ ഒപൽ സുചാത ചുവാങ്സ്രിയാണ് പുതിയ വിജയിയെ കിരീടമണിയിച്ചത്.
സ്പെയിനിൽ നിന്നുള്ള എലിസബത്ത് റെയ്ൻസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയിൽ നിന്നുള്ള താനുഷ്യ ചെട്ടി സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത നികിത പോർവാൽ മത്സരത്തിലെ ടോപ് 40-യിൽ ഇടംനേടി. എന്നാൽ, നികിതയ്ക്ക് അടുത്തഘട്ടമായ ടോപ് 20-യിൽ ഇടംനേടാനായില്ല.

*ഡൊമിനിക്കൻ റിപ്പബ്ലിക്കിന് ചരിത്ര നേട്ടം*
1982-ൽ മരിയസെല അൽവാരസ് നേടിയതിന് ശേഷം ഡൊമിനിക്കൻ റിപ്പബ്ലിക് രണ്ടാം തവണയാണ് മിസ് വേൾഡ് കിരീടം നേടുന്നത്.
വെറുമൊരു മോഡൽ മാത്രമല്ല ജോഹൈറി. യൂണിവേഴ്സിഡാഡ് ഇബെറോഅമേരിക്കാനയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദധാരിയായ അവർ, ഒരു അധ്യാപികയും സാമൂഹ്യപ്രവർത്തകയുമാണ്. പിന്നോക്ക സമൂഹങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ‘Voices of Tomorrow’ എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് അവർ.



