
ഫിലിപ്പീൻസിലെ മിൻഡാനാവോ പ്രവിശ്യയിലുള്ള ബംഗ ഹൈസ്കൂളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ 14 വയസുള്ള വിദ്യാർഥികളാണ്. ആക്രമണം നടത്തിയ 16 വയസുകാരനായ അക്രമിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബംഗ നാഷണൽ ഹൈസ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, അധികാരികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു
ഉച്ചഭക്ഷണ സമയത്ത് കൂട്ടുകാരോട് താൻ ഒരു പദ്ധതി നടപ്പിലാക്കാൻ പോകുകയാണെന്നും അതിനാൽ വീടുകളിലേക്ക് പോകാനും 16കാരനായ അക്രമി ആവശ്യപ്പെട്ടിരുന്നതായി മേയർ പലൻസിയ പറഞ്ഞു. എന്നാൽ പതിവായി തമാശ പറയുന്ന ആളായതിനാൽ സുഹൃത്തുക്കൾ ഇത് കാര്യമായെടുത്തില്ല. തുടർന്ന് ഉച്ചയ്ക്കുശേഷം ക്ലാസ് മുറികളിലെത്തിയ അക്രമി വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പത്തോളം വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തതിനു ശേഷം പ്രതി ജീവനൊടുക്കുകയായിരുന്നു.
വെടിവെയ്പ്പിനെ തുടർന്ന് ബംഗ മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്കൂളുകളിലെയും ക്ലാസുകൾ അടിയന്തരമായി നിർത്തിവെച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഫിലിപ്പീൻസിൽ കഴിഞ്ഞ നാല് മാസത്തിനിടയിലെ സ്കൂളുകളിൽ മൂന്നാമത്തെ വലിയ വെടിവെയ്പാണിത്. തോക്കുകളുടെ ഉപയോഗം ഉയർന്ന തോതിലുള്ള ഫിലിപ്പീൻസിൽ, പ്രായപൂർത്തിയാകാത്തവരുടെ കൈകളിൽ തോക്കുകൾ എത്താതിരിക്കാൻ മുതിർന്നവർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് സൗത്ത് കൊട്ടാബോട്ടോ ഗവർണർ റെയ്നാൾഡോ തമായോ അഭ്യർത്ഥിച്ചു.




