
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചു. പ്രിയങ്ക നായരാണ് വൈസ് ചെയർമാൻ. സലിം ഹസ്സൻ, ജോഫിൻ ടി.ചാക്കോ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ജനറൽ കൗൺസിലിലേക്ക് 15 അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്.
സംവിധായകൻ ബ്ലെസി, ദീപു കരുണാകരൻ, ജോയ് മാത്യൂ എന്നിവരുടെ പേരുകളും ചെയർമാൻ സ്ഥാനത്തേക്കുള്ള ചർച്ചയിൽ പരിഗണനയിലുണ്ടായിരുന്നു. ഇതിനിടയിലാണ് രവീന്ദ്രനെ തിരഞ്ഞെടുത്തത്.
സിനിമാ മേഖലയിലെ പരിചയസമ്പത്ത്, ഭരണപരമായ കഴിവ്, അക്കാദമിയുടെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി എന്നിവ പരിഗണിച്ചാണ് തീരുമാനം
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ ഉൾപ്പെടെയുള്ള ബോർഡ് കോർപറേഷൻ നിയമനങ്ങളിൽ പൂർണമായ തീരുമാനമാകാത്തത് വലിയ ചർച്ചയായിരുന്നു.
പുതിയ ഭരണസമിതി നിലവിൽ വരുന്നതോടെ മുടങ്ങിക്കിടക്കുന്ന ചലച്ചിത്ര മേളകളുടെ മുന്നൊരുക്കങ്ങളും പുരസ്‌കാര നടപടികളും വേഗത്തിലാകുമെന്നാണ് സിനിമാ മേഖലയിലെ പ്രതീക്ഷ.
ജനറൽ കൗൺസിൽ അംഗങ്ങൾ:
ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി.രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി.ചാക്കോ, സക്കരിയ്യ, ആർ.എസ് പണിക്കർ, ധർമജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൽ ഹനാൻ





