
ടോക്കിയോ: പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്സും ഏറെ നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹസന് നവാസ് (46 പന്തില്‍ 91) തിളങ്ങിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് താരത്തിന് പിന്തുണയൊന്നും ലഭിച്ചില്ല. ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നവാസിന് പുറമെ സെയിം അയൂബ് (29), മാസ് സദാഖത് (23), സാഹിബ്സാദ ഫര്ഹാന് (10) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ഉസ്മാന് ഖാന് (3), അബ്ദുള്‍ സമദ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാദ് മസൂദ് (12) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 39 എന്ന നിലയിലായ പാകിസ്ഥാന് ആശ്വാസമായത് നവാസിന്റെ ഇന്നിംഗ്സാണ്. നവാസ്-അയൂബ് സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്ത് ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് ഭീഷണിയായിരുന്നു. എന്നാല്‍ അയൂബിനെ, ദുബെ പുറത്താക്കിയത് വഴിത്തിരിവായി.





