
ആർ ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവരാണ് അവരൊക്കെ, അവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ലെന്നും അദ്ദേഹം. അതിന്റെ ഉദാഹരണമാണ് ശ്രീലേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത്. ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കയാണ് ആർ ശ്രീലേഖയുടെ രാജി. ഇതോടെ കോർപറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. മേയർ വി വി രാജേഷിനും ബിജെപി സംസ്ഥാന അധ്യക്ഷനുമാണ് ആർ ശ്രീലേഖ രാജി കത്ത് കൈമാറിയത്.
രാജി വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നാണ് ശ്രീലേഖ വ്യക്തമാക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് മുതൽ ശ്രീരേഖ നേതൃത്വവുമായി ഇടഞ്ഞിരുന്നത് ശ്രദ്ധ നേടിയിരുന്നു. ശാസ്തമംഗലം കൗൺസിലറായിരുന്നു ആർ ശ്രീലേഖ.
ആർ സുഗതൻ ജയിലിലായതിന് പിന്നാലെ ശ്രീലേഖയുടെ രാജിയും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ആകെയുള്ള 101 വാർഡുകളിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. അതിനാൽ തന്നെ നിലവിൽ 48 അംഗങ്ങളാണ് ബിജെപിക്ക് കോർപറേഷനിലുള്ളത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയായിരുന്നു തിരുവനന്തപുരത്ത് ബിജെപി ഭരണം പിടിച്ചിരുന്നത്.





