വസ്ത്രത്തിനപ്പുറം ഇന്ത്യയുടെ വികാരമാണ് ഖാദി: മന്ത്രി കെ. മുരളീധരൻ
Kerala

വസ്ത്രത്തിനപ്പുറം ഇന്ത്യയുടെ വികാരമാണ് ഖാദി: മന്ത്രി കെ. മുരളീധരൻ

* *ഓണം ഖാദിമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി*

ഖാദി വസ്ത്രത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും സംസ്ഥാനത്തെ അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള പാളയം എൽ എം എസ് കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി സ്വദേശി പ്രസ്ഥാനത്തിലൂടെ ഖാദിയെ ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കി. വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിച്ച് സ്വദേശി ഉത്പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിലൂടെ രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ അണിനിരത്താൻ ഖാദിനിർണായക പങ്കു വഹിച്ചു.

ഇന്ന് ഖാദി മേഖല വസ്ത്രങ്ങൾക്കപ്പുറം ചെരിപ്പ്, ഗ്രാമവ്യവസായ ഉത്പ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മേഖലയായി വളർന്നിട്ടുണ്ട്. ഖാദി മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരുടെ ഉപജീവനത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും ഈ മേഖല വലിയ സംഭാവന നൽകുന്നു.

ഖാദി മേഖലയ്ക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന സംസ്ഥാനമാണ് കേരളം. വരുമാന പിൻതുണ ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ സംസ്ഥാന സർക്കാർ തുടരുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള തുണിത്തരങ്ങളുടെ മത്സരത്തെ അതിജീവിച്ചുകൊണ്ട് ഖാദി ഉത്പ്പന്നങ്ങൾക്ക് വിദേശ വിപണിയിലും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. സർക്കാർ വകുപ്പുകൾക്ക് സാധ്യമാകുന്നിടത്തോളം ഖാദി ഉത്പ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന നിലപാട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

എം വിൻസെന്റ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ എം ആർ. ബൈജു എം എൽ എ ആദ്യവില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി സമ്മാനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ജൂലൈ 23 മുതൽ ആഗസ്റ്റ് 25 വരെ നടക്കുന്ന മേളയിൽ ഖാദി ഉത്പ്പന്നങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റും സർക്കാർ, അർദ്ധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാകും. ഓരോ ആയിരം രൂപയുടെ വാങ്ങലിനും ലഭിക്കുന്ന സമ്മാനക്കൂപ്പൺ വഴി ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാർ, രണ്ടാം സമ്മാനമായി 14 ജില്ലകളിലായി ഓരോ സുസുക്കി അക്‌സസ് സ്‌കൂട്ടർ, മൂന്നാം സമ്മാനമായി 5,000 രൂപയുടെ 30 ഖാദി ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നൽകും. കൂടാതെ ജില്ലകളിൽ ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറുകളും വിതരണം ചെയ്യും.

മില്ലേനി, സമ്മർകൂൾ, ലീഡർ, റോയൽ ഇന്ത്യൻ ബ്രാൻഡുകളിലെ റെഡിമെയ്ഡ് ഷർട്ടുകൾ, വിവാഹ വസ്ത്രങ്ങൾ, ഡോക്ടേഴ്‌സ്-നേഴ്‌സസ് കോട്ടുകൾ, സിൽക്ക്-കോട്ടൺ ചുരിദാർ ടോപ്പുകൾ, സാരികൾ, ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, ജുബ്ബകൾ, വിവിധയിനം ദോത്തികൾ എന്നിവയ്‌ക്കൊപ്പം വിവിധ ഗ്രാമവ്യവസായ ഉത്പ്പന്നങ്ങളും മേളയിൽ ലഭ്യമാണ്.

ചടങ്ങിൽ കെ വി ഐ സി സംസ്ഥാന ഡയറക്ടർ സി ജി ആണ്ടവർ, ഖാദി ബോർഡ് എഫ് എ & സി എ ഒ ഡി സദാനന്ദൻ, കെ കെ വി ഐ എഫ് സെക്രട്ടറി ഇ എ ബാലൻ, ഖാദി ബോർഡിലെ ഡയറക്ടർമാർ, ഉദ്യോഗസ്ഥർ വിവിധ സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് സ്വാഗതവും ഡയറക്ടർ (മാർക്കറ്റിംഗ്) ഷിബി കെ. നന്ദിയും രേഖപ്പെടുത്തി.

23/07/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav