
തിരുവനന്തപുരം: എഐവൈഎഫ് ജില്ലാ നേതാക്കളുൾപ്പെടെ നെടുമങ്ങാട്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ നിരവധി സിപിഐ പ്രവർത്തകർ പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
സിപിഐ നേതൃത്വത്തിന്റെ അഴിമതി, ഏകപക്ഷീയമായ നിലപാടുകൾ, സാധാരണ പ്രവർത്തകരോടുള്ള അവഗണന എന്നിവയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടിക്കുള്ളിൽ നേതൃത്വത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയോ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരെ അകാരണമായി ഒറ്റപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു.
പത്ത് വർഷത്തെ ഭരണത്തിനിടെ നേതൃത്വം ജനങ്ങളിൽ നിന്ന് അകന്നെന്നും അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലും ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്താൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും പാർട്ടി വിട്ടവർ വിമർശിച്ചു. സംസ്ഥാനത്ത് സിപിഐ വലിയ തിരിച്ചടിയാണ് നേരിടുന്നതെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വം പരാജയമായെന്ന് ജനങ്ങൾ വിലയിരുത്തുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. കോക്കസ് രാഷ്ട്രീയത്തിന്റെയും ഉപജാപക സംഘങ്ങളുടെയും സ്വാധീനത്തിലാണ് സംസ്ഥാന നേതൃത്വം പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ അൽ-അനീഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മഹിളാസംഘം മണ്ഡലം സെക്രട്ടറിയുമായ അതുല്യ എം.എസ്. നായർ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് തോംസൺ മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നത്.
ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ ഷാൾ അണിയിച്ച് പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ.എസ്. ശബരീനാഥൻ (മുൻ എം.എൽ.എ), മീനാങ്കൽ കുമാർ, കൊഞ്ചിറവിള വിനോദ്, ചാല സുധാകരൻ, വി.എസ്. സുലോചനൻ, വട്ടിയൂർക്കാവ് ബി. ജയകുമാർ, കവടിയാർ സുരേഷ്, പൂജപ്പുര രാജേഷ്, കൊഞ്ചിറവിള ഗോപു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


