
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ മരുമകനും വ്യവസായിയുമായ മൈക്കിള്‍ ബൂലോസ് കേരളത്തില്‍ സന്ദർശനം നടത്തി.സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിള്‍ ബൂലോസ്. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായ സെർജിയോ ഗോറും മൈക്കിള്‍ ബൂലോസിനൊപ്പം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ചർച്ചകളില്‍ സന്നിഹിതനായിരുന്നു. കൂടാതെ, സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.കൊച്ചിയിലെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും മറ്റു പരിപാടികള്‍ക്കും ശേഷം മൈക്കിള്‍ ബൂലോസും അമേരിക്കൻ അംബാസിഡറും ഉള്‍പ്പെടുന്ന എട്ടംഗ സംഘം വിനോദസഞ്ചാരത്തിനായി ആലപ്പുഴയിലേക്ക് തിരിച്ചു. അവിടെ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കായല്‍ സൗന്ദര്യവും സംഘം ആസ്വദിക്കും. വൈകുന്നേരത്തോടെ അദ്ദേഹം മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ ഭാര്യ ടിഫാനി ട്രംപിനൊപ്പം അദ്ദേഹം ആഗ്രയിലെ താജ്‌മഹലും രാജസ്ഥാനിലെ ജയ്‌സാല്‍മീറും സന്ദർശിച്ചിരുന്നു.



