ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
Kerala

ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് 4 ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

1954ല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ കുട്ടാവ് ഗ്രാമത്തിലാണ് കെ. കുഞ്ഞിക്കണ്ണന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസര്‍ഗോഡ്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ തളിപ്പറമ്പില്‍ ഗുരുജി എം. എസ്. ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ശിബിരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ കാലഘട്ടത്തിലെ സംഘടനാപ്രവര്‍ത്തനമാണ് പിന്നീട് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടിത്തറയായത്.
അടിയന്തരാവസ്ഥയ്ക്കുശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായും ചുമതല വഹിച്ചു. പേരാവൂര്‍, കണ്ണൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
പത്രപ്രവര്‍ത്തക സംഘടനാരംഗത്തും കെ. കുഞ്ഞിക്കണ്ണന്‍ സജീവമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മാധ്യമരംഗത്തെ വിവിധ ഔദ്യോഗിക സമിതികളിലും അദ്ദേഹം അംഗമായിരുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു.
രചനാരംഗത്തും കെ. കുഞ്ഞിക്കണ്ണന്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെ.ജി. മാരാര്‍ രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം, മുന്നണികള്‍ ഭരിച്ചു മുടിച്ച കേരളം, മറുപുറം, മറനീക്കുന്ന ഭീകരത, അടിമച്ചങ്ങല, നന്ദിഗ്രാം, അടല്‍ജി ഒരു വിസ്മയം തുടങ്ങിയ പുസ്തകങ്ങള്‍ വഅദ്ദേഹത്തിന്റെതായി പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും സംഘടനാജീവിതവും അടുത്തറിഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കേരളത്തിന്റെ സമകാലിക രാഷ്ട്രീയസാമൂഹിക ചരിത്രത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. കുഞ്ഞിക്കണ്ണന്‍ ജന്മഭൂമിയിലെഴുതിയ രാഷ്ട്രീയ വിശകലനങ്ങളും നിയമസഭാ അവലോകനങ്ങളും ഏറെ വായനക്കാരെ സൃഷ്ടിച്ചവയാണ്. ജന്മഭൂമിയില്‍ മറുപുറം എന്ന കോളം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. രാഷ്ട്രീയത്തെ ആക്ഷേപ ഹാസ്യശൈലിയില്‍ വിശകലനം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു.
ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേരള നിയമസഭ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആദരിച്ചിട്ടുണ്ട്. ബി.കെ. ശേഖര്‍ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് മാധ്യമരംഗത്തേക്കും വളര്‍ന്ന കെ. കുഞ്ഞിക്കണ്ണന്റെ ജീവിതം കേരളത്തിലെ സാമൂഹികരാഷ്ട്രീയ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യം കൂടിയാണ്. സംഘടനാപ്രവര്‍ത്തനത്തിന്റെ അനുഭവവും രാഷ്ട്രീയരംഗത്തെ സജീവ ഇടപെടലുകളും പത്രപ്രവര്‍ത്തനത്തിലെ ദീര്‍ഘകാല പരിചയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് വ്യത്യസ്തമായ മാനം നല്‍കുന്നു. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പരേതയായ പ്രേമജയാണ് ഭാര്യ. മക്കള്‍ പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്‍ രതീഷ് അനിരുദ്ധന്‍(മാതൃഭൂമി ന്യൂസ്). പേരമക്കള്‍ ഗൗതമിയും ബാലാമണിയും.

10/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav