അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. കുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം. തിന്നർ കുട്ടികളുടെ ഉള്ളിൽ ചെന്നിരിക്കാമെന്ന് പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതിന് ശേഷമാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമാക്കുന്നതിനായി കൂടുതൽ പരിശോധനകളും അന്വേഷണവും തുടരുകയാണ്.



