
സാൻഫ്രാൻസിസ്കോ: കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ സ്വദേശിനി മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 മണിവരെയാണ് പൊതുദർശനം.
ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഇന്നലെ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയത്.
അതിനിടെ, കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനി അനിലയെ (32) സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ചുള്ള കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് റിപ്പോർട്ടിലെ വിലയിരുത്തൽ.
കൊലപാതകം അതിക്രൂരമായ രീതിയിലാണ് നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




