
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാന്റെ അതിസുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രം ആക്രമിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനിലെ സഹ്രോസ് മലനിരകളിൽ ‘പിക്ക്ആക്സ് മൗണ്ടൻ’ എന്നറിയപ്പെടുന്ന പ്രദേശത്തിന് അടിയിലായി സ്ഥിതിചെയ്യുന്ന ആണവകേന്ദ്രമാണ് അമേരിക്കയുടെ നിരീക്ഷണത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നീക്കങ്ങൾ കണ്ടെത്തിയാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഓവൽ ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ കേന്ദ്രം തകർക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിലെ സൈനിക നീക്കങ്ങൾ വലിയൊരു പ്രാദേശിക യുദ്ധം ഒഴിവാക്കുന്നതിനായാണെന്നാണ് അമേരിക്കയുടെ വിശദീകരണം. കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ ആണവായുധ പദ്ധതിയെ തടയാൻ സാധിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അത്തരമൊരു പദ്ധതി വിജയിച്ചിരുന്നെങ്കിൽ ഇസ്രയേലിനും യൂറോപ്യൻ രാജ്യങ്ങൾക്കും വലിയ സുരക്ഷാഭീഷണി ഉയർന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകൾക്കിടയിലും ഇറാൻ പിന്നോട്ടുപോകാൻ തയ്യാറല്ലെന്നാണ് സൂചന. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര സമൂഹവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.



